വയനാട് ദുരന്തം വരച്ചുകാട്ടി അറബി നാടകത്തില്‍ ടി.ഐ.എച്ച്.എസ്.എസ്.

By :  Sub Editor
Update: 2024-12-02 11:05 GMT

കാസര്‍കോട്: ഹൈസ്‌കൂള്‍ വിഭാഗം അറബി നാടകത്തില്‍ വയനാട് ദുരന്തത്തിന്റെ നേര്‍ സാക്ഷ്യം അവതരിപ്പിച്ച് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി. ചൂരല്‍മല എന്ന പേരില്‍ അവതരിപ്പിച്ച നാടകത്തില്‍ അവിടത്തെ ഒരു പ്രവാസി തന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്ന കഥ അത്യന്തം വികാരാത്മകമായി അവതരിപ്പിച്ചാണ് നാടകം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദുരന്തത്തിന്റെ ഭാഗമായ മഴയും രക്ഷാപ്രവര്‍ത്തനവും തന്മയത്വത്തോടെ അവതരിപ്പിച്ച നാടകം കാണികളുടെ കയ്യടിനേടി. നാടകത്തില്‍ കര്‍ഷകന്റെ വേഷത്തില്‍ അഭിനയിച്ച സാദത്ത് മുഹമ്മദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ഹാദി മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് റാസി, ഇസ്മയില്‍ ഷമ്മാസ് സലിം, സൈനബത്ത് സാദിയ, ഫാത്തിമത്ത് ഹനീന, മുഹമ്മദ് അഫാന്‍, ആയിഷ, ഫാത്തിമത്ത് അംന, സിയ മറിയം എന്നിവരാണ് അഭിനേതാക്കള്‍. സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപകനായ സാദിഖ് ബാദ്ഷയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഹൈസ്‌കൂള്‍ അറബി കലോത്സവത്തില്‍ 9 ഇനങ്ങളില്‍ എ ഗ്രേഡ് നേടി 45 പോയിന്റുകളോടെ റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു.

Similar News