വരച്ചും രചിച്ചും വിദ്യാര്‍ത്ഥി പ്രതിഭകള്‍; സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായി
ഉദിനൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളും 28, 29, 30 തിയതികളില്‍ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. ഇന്ന് ചിത്രരചന, കൊളാഷ്, കാര്‍ട്ടൂണ്‍, മലയാളം കഥാരചന, കവിതാ രചന, ഉപന്യാസം, ഹിന്ദി കഥാരചന, കവിതാരചന, ഉപന്യാസം, ഇംഗ്ലീഷ്-തമിഴ്-കന്നഡ കഥാരചന, കവിതാരചന, ഉപന്യാസം, മലയാള പ്രസംഗം, പദ്യംചൊല്ലല്‍ മത്സരങ്ങളാണ് നടക്കുന്നത്. ഏഴ് ഉപജില്ലകളില്‍നിന്നുള്ള 6000ത്തോളം പ്രതിഭകളെ വരവേല്‍ക്കാന്‍ ഉദിനൂര്‍ സജ്ജമായിരിക്കുകയാണ്. കലോത്സവത്തെ വരവേറ്റ് ഇന്നലെ വൈകിട്ട് വര്‍ണാഭമായ വിളംബരജാഥ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഘോഷയാത്ര ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി.ഡി.ഇ. എസ്. മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സുമേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനു എം., പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം, പ്രിന്‍സിപ്പാള്‍ പി.വി ലീന, ഹെഡ്മിസ്ട്രസ് കെ. സുബൈദ, വി.വി സുരേശന്‍, പ്രസാദ് ടി.സി.എന്‍, ഇര്‍ഷാദ് കെ., അഷ്‌റഫ് പി., രാജീവന്‍ ഉദിനൂര്‍, ജദീന്ദ്രന്‍, പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സിറാജ്, ശിഹാബ്, റഫീദ, റഹ്മത്ത്, സൈന, റസിയാബി എന്നിവര്‍ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വിജിന്‍ദാസ് കിനാത്തില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനവര്‍ റഷീദ് മൂപ്പന്റകത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ അംഗങ്ങളും ജി.എച്ച്.എസ്.എസ്. ഉദിനൂരിലെ വിവിധ ക്ലബ്ബ് അംഗങ്ങളും വിളംബര ഘോഷ യാത്രയില്‍ അണിനിരന്നു.
കുരുത്തോലകളാല്‍ അലങ്കൃതമായി വേദികളും പരിസരവും
ഉദിനൂര്‍: പൂര്‍ണ്ണമായും പ്രോട്ടോകോള്‍ പാലിച്ച് ഹരിതമേളയാക്കുന്നതിന്റെ ഒരുക്കങ്ങളാണ് ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ നടക്കുന്നത്. വേദികളും പരിസരങ്ങളുമൊക്കെ കുരുത്തോലകളാല്‍ അലങ്കരിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ അമ്പു പണ്ടാരത്ത് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തോരണങ്ങള്‍ സ്ഥാപിച്ചത്. കുരുത്തോലയൊരുക്കം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. സുമേഷ് ഉദ്ഘാടനം ചെയ്തു. 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
രണ്ട് തീവണ്ടികള്‍ക്ക് തൃക്കരിപ്പൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
തൃക്കരിപ്പൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ മംഗലാപുരം-ചെന്നൈ-എഗ്‌മോര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നിവയ്ക്ക് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരത്തു നിന്നും വരുന്ന എഗ്‌മോര്‍ എക്‌സ്പ്രസ് രാവിലെ 8.18ന് തൃക്കരിപ്പൂരില്‍ എത്തും. തിരിച്ചു വൈകിട്ട് 4.58 ന് തൃക്കരിപ്പൂരില്‍ എത്തും. മംഗലാപുരത്തു നിന്നും വരുന്ന ഏറനാട് എക്‌സ്പ്രസ്സ് രാവിലെ 8.53 നാണ് തൃക്കരിപ്പൂരില്‍ എത്തുക.