നാട്യമയൂരം നാലാം നാള്‍... കലോത്സവം നിയന്ത്രിച്ച് വനിതകള്‍

By :  Sub Editor
Update: 2024-11-29 09:42 GMT

ഉദിനൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം നാള്‍ പ്രധാന വേദി ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരത്തോടെയാണ് ഉണര്‍ന്നത്. പിന്നാലെ യു.പി. വിഭാഗം കുച്ചിപ്പുടി മത്സരം ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ വിഭാഗങ്ങളുടെ നാടോടി മത്സരവും സംഘ നൃത്തവും ഇവിടെ നടക്കും. മറ്റു വേദികളില്‍ മോഹിനിയാട്ടം, തിരുവാതിര, ഇംഗ്ലിഷ് സ്‌കിറ്റ്, വൃന്ദവാദ്യം, ഗാനാലാപനം, വന്ദേഭാരതം, മാര്‍ഗ്ഗംകളി, പരിചമുട്ട് കളി, ചവിട്ടുനാടകം, പൂരക്കളി, യക്ഷഗാനം, വയലിന്‍, ഗിത്താര്‍, ഓടക്കുഴല്‍, അറബിഗാനം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്ന് പ്രധാനപ്പെട്ട രണ്ട് കമ്മിറ്റികളുടെ പൂര്‍ണ്ണ ചുമതല വഹിക്കുന്നത് വനിതകളാണ്. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യൂണിഫോം അണിഞ്ഞ 240 അധ്യാപികമാര്‍ ഏറ്റെടുത്തു. സ്റ്റേജ് മാനേജര്‍, കോര്‍ടിനേറ്റര്‍, ടൈം കീപ്പര്‍, അനൗന്‍സര്‍ തുടങ്ങി ഓരോ വേദിയിലെയും പത്തോളം ചുമതലകള്‍ അധ്യാപികമാര്‍ വഹിച്ചുവരുന്നു. രാവിലെതൊട്ട് രാത്രി വരെ 3 ഷിഫ്റ്റുകളായാണ് അധ്യാപികമാര്‍ പരിപാടികള്‍ നിയന്ത്രിക്കുക. അതേ സമയം ഭക്ഷണ ശാലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് സജീവമായുള്ളത്.

Similar News