അടിമുടി മാറി നടന്‍ ഉണ്ണിരാജ് കലോത്സവനഗരിയില്‍

By :  Sub Editor
Update: 2024-11-29 10:10 GMT

ഉദിനൂര്‍: അടിമുടി മാറി ഉണ്ണിരാജ് ചെറുവത്തൂര്‍ കലോത്സവ വേദിയില്‍. സ്റ്റൈലായി മുടി ക്രോപ്പ് ചെയ്ത് ഒതുങ്ങിയ മീശയുമായി കലോത്സവ നഗരിയില്‍ എത്തിയ ഉണ്ണിയെ ആര്‍ക്കും ആദ്യം തിരിച്ചറിയാനായില്ല. ഹിപ്പി മുടിയും ടീഷര്‍ട്ടും വേഷത്തില്‍ മാത്രം കാണാറുള്ള മറിമായത്തിലെ ഉണ്ണി ശരിക്കും ആര്‍ക്കും പിടികൊടുക്കാതെ ഏറെനേരം കറങ്ങി. ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായതോടെയാണ് ഉണ്ണി അങ്ങോട്ട് ചെന്ന് സ്വയം പരിചയപ്പെടുത്തിയത്. അപ്പോഴാണ് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അക്കിടി പറ്റിയ കാര്യം അറിയുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച ഉണ്ണിരാജ് മറിമായത്തിലൂടെയാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്. കാഞ്ഞങ്ങാട്ടും പരിസരത്തും ചിത്രീകരിക്കുന്ന ഉണ്ണി മുഴുനീളമുള്ള സിനിമയ്ക്ക് വേണ്ടിയാണ് വേഷം മാറ്റം. ഈ വേഷത്തോടെ ഒരു സസ്‌പെന്‍സ് ആകട്ടെ എന്ന നിലയിലാണ് കലോത്സവ വേദിയിലും എത്തിയത്. യുവജനോത്സവ വേദിയിലൂടെ ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ഉണ്ണിക്ക് ഇപ്പോഴും കലോത്സവവേദികളെ ഒഴിവാക്കാന്‍ കഴിയാത്ത ആത്മബന്ധമാണ്. രണ്ടു പതിറ്റാണ്ടുകാലം കലോത്സവവേദികളിലേക്ക് പ്രതിഭകളെ ഒരുക്കിവിട്ട ഓര്‍മ്മകള്‍ അയവിറക്കിയാണ് ഉണ്ണിരാജ് കലോത്സവ വേദിയില്‍ ഇന്നലെ എത്തിയത്. മോണോആക്ട്, മൈം തുടങ്ങി കാണികളെ ഏറെ ആകര്‍ഷിക്കുന്ന ഇനങ്ങള്‍ ചിട്ടപ്പെടുത്തി നിരവധി പ്രതിഭകളെ ഉണ്ണി ഒരുക്കിയിരുന്നു.

Similar News