അവിസ്മരണീയം, അനുഭൂതി സാന്ദ്രം എന്നതിനുമപ്പുറമായിരുന്നു ആ കണ്ടുമുട്ടല്‍. മലയാണ്മയുടെ മഹാ സുകൃതമായ എം.ടി. വാസുദേവന്‍ നായരെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും നാലരപ്പതിറ്റാണ്ടു മുമ്പാണ്. 1979 ജൂലായിലെ ഒരു ഈറന്‍ പകല്‍. അതൊരു പെരുമഴക്കാലമായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ 103-ാം നമ്പര്‍ വീട്. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും പുകള്‍പെറ്റ സോഷ്യലിസ്റ്റ് നേതാവും ധിഷണാശാലിയും എഴുത്തുകാരനുമൊക്കെയായിരുന്ന എം.പി. ബാലഗോപാലന്‍ നമ്പ്യാരുടെ വസതി. എം.ടി.യുടെ ഉറ്റമിത്രമായിരുന്ന ഈ ബാലഗോപാലന്‍ വക്കീലാണ് ഒരു കാലത്ത് എം.ടി.യോടൊപ്പം ഒരു ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം പങ്കിട്ടത്. എം.ടി.യുടെ സ്വന്തം വക്കീലായിരുന്ന അദ്ദേഹത്തിന്റെ വീട് സര്‍ഗാത്മകതയുടെ തട്ടകമായിരുന്നു. എന്റെ ഇളയച്ഛന്‍ കൂടിയായിരുന്ന ബാലഗോപാലന്‍ വക്കീലിന്റെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ചതും പില്‍ക്കാലത്ത് വീക്ഷണം പത്രാധിപ സമിതിയംഗമായി ജോലി ചെയ്തതുമൊക്കെ. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ആ കാലയളവില്‍ അസുരവിത്തും കാലവും നാലുകെട്ടുമെല്ലാം വായിച്ച് കിടുങ്ങി നില്‍ക്കുന്ന വേളയായിരുന്നു അത്. എം.ടി.യോടൊപ്പം അന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹന വര്‍മ്മയുമുണ്ടായിരുന്നു. ബാലഗോപാലന്‍ വക്കീലിന്റെ നിഴല്‍ പറ്റിയാണ് ഞാന്‍ എം.ടി.യുടെ സവിധത്തിലെത്തിയത്. സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞ നോട്ടവും ഒരു ചെറു പുഞ്ചിരിയും. പിന്നെ അളന്നു തൂക്കിയെടുത്തവാക്കുകള്‍. വിറയലോടെ ഞാന്‍ നീട്ടിയ ഓട്ടോഗ്രാഫില്‍ അദ്ദേഹം കുറിച്ചിട്ടു. വിലപ്പെട്ടൊരു നിധിപോലെ ആ ഓട്ടോഗ്രാഫ് ഞാനിന്നും സൂക്ഷിച്ചു വെക്കുന്നു. കുറച്ചു നാള്‍ കഴിഞ്ഞാണ് ബാലഗോപാലന്‍ വക്കീലിന്റെ 'വേറാക്കൂര്‍' എന്ന പ്രൗഢോജ്ജ്വലവും വിഖ്യാതവുമായ ഗ്രന്ഥത്തിന്റെ പ്രകാശനം എം.ടി നിര്‍വഹിച്ചത്. കൊച്ചിയിലെ സമസ്ത കേരള സാഹിത്യ പരിഷത്ത് ആസ്ഥാനത്തെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് 'വേറാക്കൂര്‍' പ്രകാശിപ്പിച്ചത്. പുസ്തക പ്രകാശനം നടന്ന ദിവസം രാത്രിയില്‍ ബാലഗോപാലന്‍ വക്കീലിന്റെ വീട്ടിലായിരുന്നു എം.ടി.യുടെ അത്താഴം. പി. ഗോവിന്ദപിള്ളയും സി.പി. ശ്രീധരനും മറ്റും അന്ന് എം.ടി.യോടൊപ്പം ഉണ്ടായിരുന്നു. മനോഹരമായ ആ രാത്രിയില്‍ എം.ടി. മനസ്സു തുറന്ന് സംസാരിക്കുന്ന അപൂര്‍വ ദൃശ്യത്തിന് ഞങ്ങളൊക്കെ സാക്ഷ്യം വഹിച്ചു. നിലാവു നിറഞ്ഞ ഒരു രാത്രിയായിരുന്നു അത്. എന്റെ എഴുത്തു വഴിയില്‍ എം.ടി. ഒരു മഹാ ജ്യോതിസ്സായി മാറുകയായിരുന്നു പിന്നീടിങ്ങോട്ട്. എം.ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെ 70കളില്‍ ബാലപംക്തിയില്‍ ഒരുപാട് എഴുതാനുള്ള അവസരമുണ്ടായി. പിന്നീടിങ്ങോട്ട് എം.ടി.യുമായി എത്രയെത്ര ഒത്തുചേരലുകള്‍....! ഒരുമിച്ചുള്ള യാത്രകള്‍... കോഴിക്കോട് നടക്കാവിലെ എം.ടി.യുടെ വീടായ 'സിതാര'യില്‍ ചെലവഴിച്ച എത്രയോ അനര്‍ഘ നിമിഷങ്ങള്‍.
കാലത്തിന്റെ മഹാപ്രവാഹത്തിന്റെ തീരത്തു നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ ഉള്ളം വികാരാധീനമാവുകയാണ്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദരമര്‍പ്പിക്കാനാണ് ഏറ്റവുമൊടുവില്‍ എം.ടി.യുടെ സവിധത്തിലെത്തിയത്. സാഹിത്യ പരിഷത്ത് പ്രസിഡണ്ട് സി. രാധാകൃഷ്ണന്റെയും മറ്റു ഭാരവാഹികളുടെയും ഒപ്പമാണ് സിതാരയിലെത്തിയത്. വാര്‍ധക്യ സഹജമായ അവശതയിലായിരുന്നു അദ്ദേഹമപ്പോള്‍. എങ്കിലും സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് ഞങ്ങളന്ന് സിതാരയുടെ പടിയിറങ്ങിയത്. ഓര്‍മ്മകളുടെ നടവഴിയില്‍ നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ണും മനസ്സും ഈറനണിയുകയാണ്. വാക്കുകള്‍ ഇടറുന്നു... ഹൃദയം ശൂന്യതയുടെ അഗാധതയില്‍ വിലയം പ്രാപിക്കുകയാണ്. മലയാളത്തിന്റെ ഇതിഹാസമായ മഹാമനീഷിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം...