ഉദിനൂര്‍ അണിഞ്ഞൊരുങ്ങി; ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

By :  Sub Editor
Update: 2024-11-25 10:27 GMT

ഉദിനൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അണിഞ്ഞൊരുങ്ങി. നാളെയും മറ്റന്നാളും സ്റ്റേജിതര മത്സരങ്ങളും 28, 29, 30 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.ഏഴ് ഉപജില്ലകളില്‍നിന്നുള്ള 6000ത്തോളം പ്രതിഭകള്‍ മാറ്റുരുക്കും. 12 വേദികളിലായി 316 ഇനങ്ങള്‍ അരങ്ങേറും. അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍ കൂടി (മംഗലംകളി, പണിയനൃത്തം, മലപുലയാട്ടം, പളിയനൃത്തം, ഇരുളനൃത്തം) ഇത്തവണ മത്സരയിനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്കും കൂടെയെത്തുന്ന അധ്യപകര്‍ക്കും ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മത്സരങ്ങള്‍ പരാതിക്കിടയില്ലാത്തവിധം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.എം. രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം. സുമേഷ്, വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് കെ.വി. അനുരാജ്, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ലീന, പ്രഥമാധ്യാപിക കെ. സുബൈദ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സത്യന്‍ മാടക്കാല്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വിജിന്‍ദാസ് കിനാത്തില്‍, കണ്‍വീനര്‍ റഷീദ് മൂപ്പന്റകത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ഉദിനൂര്‍ അണിഞ്ഞൊരുങ്ങി; ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കംകലോത്സവ നഗരിയില്‍ എത്തിച്ചേരുന്നവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതിനായി ഭക്ഷണപ്പുര ഒരുങ്ങി. പടന്ന കുടുംബശ്രീ സി.ഡി.എസ്., ജില്ലാ കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കിനാത്തില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.

Similar News