അന്‍സാരി ബദ്‌രിയ്യയുടെ മരണം; നാടിനെ കണ്ണീരണിയിച്ചു

By :  Sub Editor
Update: 2025-07-21 10:39 GMT

പ്രിയപ്പെട്ടവരുടെ മരണം ഉള്‍ക്കൊള്ളാന്‍ മനസ്സ് അനുവദിക്കുന്നില്ല. അന്‍സാരി ബദ്രിയ്യയുടെ മരണം ഒരു നാടിനെ മുഴുവനും കണ്ണീരണിയിച്ചു കളഞ്ഞു. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നാല്‍, എവിടെ കണ്ടാലും സുഖവിവരം അന്വേഷിക്കും. എന്നും പുഞ്ചിരി തൂകുന്ന മുഖമാണ് അവന്. സൗമ്യതയുള്ളവനായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ചെറുപ്പം മുതലേ ഫിര്‍ദൗസ് നഗറിലുള്ള ഉപ്പയുടെ കടയില്‍ കച്ചവടത്തില്‍ ഉപ്പയെ സഹായിക്കുമായിരുന്നു. ഉപ്പ കടയില്‍ നിന്ന് മാറി നിന്നപ്പോള്‍ സ്വയം ഏറ്റെടുത്ത് കച്ചവടം തുടങ്ങി. അങ്ങനെ കുറെ വര്‍ഷങ്ങള്‍ ആ കടയില്‍ തുടര്‍ന്നു. കച്ചവടം മന്ദഗതിയിലായപ്പോഴാണ് ഗള്‍ഫിലേക്ക് ചേക്കേറിയത്. പിന്നീടങ്ങോട്ട് പ്രവാസിയായി. ജീവിതത്തില്‍ ഒരുപാട് സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കുകയും സ്‌നേഹിതന്മാരുടെ പിരിശപ്പെട്ടവനാവുകയും ചെയ്തു. അവന്റെ അപകട മരണം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. അന്‍സാരിയുടെ മരണം ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നാണ്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കി അവന്‍ ആരും കാണാത്ത ലോകത്തേക്ക് യാത്രയായപ്പോള്‍ നഷ്ടമായത് നെല്ലിക്കുന്ന് കടപ്പുറം നിവാസികളുടെ പ്രിയ കൂട്ടുകാരനെയാണ്.

ചിലരുടെ മരണം അങ്ങനെയാണ്. നല്ല ഓര്‍മ്മകള്‍ ബാക്കി വെച്ച് ഇഹലോകത്തോട് വിടപറഞ്ഞ് യാത്രയാകും. ആ വിടവിലൂടെ എന്നും നോവിന്റെ ഓര്‍മ്മകള്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കും. ഓര്‍മ്മകളുടെ ഇടിമുഴക്കവും ദു:ഖത്തിന്റെ കാര്‍മേഘവും ഹൃദയാന്തരത്തില്‍ വട്ടമിട്ടു കറങ്ങും. ഈയിടെയായി മരണവാര്‍ത്തകളുടെ കുത്തൊഴുക്ക് തന്നെയാണ്. ചെറുപ്പക്കാരാണ് മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഹൃദയസ്തംഭനവും അപകടവും കൊണ്ട് മരണപ്പെടുന്നവര്‍ ഏറെയാണ്. വേണ്ടപ്പെട്ടവര്‍ നമ്മെ വിട്ടുപിരിയുമ്പോള്‍ നമ്മുടെ ഹൃദയം പിടയ്ക്കുന്നു. വേദനകളുടെ മുള്ളിനാല്‍ കുത്തി നോവിക്കുന്നു. കായികമായാലും സേവനമായാലും രാഷ്ട്രീയമായാലും മതപരമായാലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരുടെ വിയോഗം മനസ്സിനെ വല്ലാതെ കുത്തിനോവിക്കുന്നു. അവരുടെ മുഖം എന്നും ഹൃദയത്തില്‍ മായാതെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. അതാണ് സൗഹൃദബന്ധം.

അല്ലാഹു അന്‍സാരിയുടെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും സ്വര്‍ഗത്തിലൊരിടം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

Similar News