കാസര്‍കോട്: കേരള വികസനത്തിന് പുതിയൊരു മുഖം സമ്മാനിച്ച ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാറ്റു കുറയാതെ സംഘടിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തതോടെയുള്ള ആസൂത്രണവും വികസനവും ലക്ഷ്യമിട്ടു രൂപം കൊണ്ട ജനകീയാസൂത്രണ പദ്ധതി രജതജൂബിലി ആഘോഷങ്ങള്‍ ജില്ലയില്‍ നടക്കുക. കാസര്‍കോട് ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്ന് രജത ജൂബിലി സ്മാരകമായി പുതിയ കെട്ടിടമുയരും. തദ്ദേശ ഭരണസംവിധാനങ്ങളെയും ജനകീയാസൂത്രണ പരിപാടികളെയും കുറിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന മ്യൂസിയവും ലൈബ്രറിയും ഇതില്‍ ആരംഭിക്കും. നേരത്തെ ജനപ്രതിനിധികളായിരുന്നവരുടെയടക്കം കൈയിലുള്ള പുസ്തകങ്ങള്‍ ശേഖരിച്ച് കൊണ്ടാണ് മ്യൂസിയം സജ്ജമാക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികള്‍ക്ക് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ രൂപം നല്കി. ആലോചനാ യോഗം ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ സൂചിപ്പിക്കുന്ന രജതജൂബിലി സ്മാരകത്തിന്റെ ശിലാസ്ഥാപനം ആഗസ്ത് 17ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് ഓണ്‍ലൈനായി നിര്‍വഹിക്കും. തുടര്‍ന്ന് ആദ്യവര്‍ഷം മുതല്‍ ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം വഹിച്ച മുന്‍ തദ്ദേശ സ്ഥാപന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും ഇതുവരെ ഔദ്യോഗിക ചുമതല നിര്‍വ്വഹിച്ചിട്ടുള്ള ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍, ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ എന്നിവരെയും ആദരിക്കും. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ ജനകീയാസൂത്രണം ആരംഭിച്ച സമയത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പ്ലാനിങ് ഓഫീസര്‍ തുടങ്ങിയവരെ വേദിയില്‍ ആദരിക്കും. അംഗങ്ങള്‍ ഉള്‍പ്പടെ മറ്റുള്ളവരെ വീടുകളില്‍ എത്തി ആദരിക്കും.
25 വര്‍ഷത്തിന്റെ പ്രതീകമായി പച്ചത്തുരുത്തുകള്‍ എന്ന ആശയത്തില്‍ ജില്ലാ പഞ്ചായത്ത് 25 മിയാവാക്കി വനങ്ങള്‍ നിര്‍മ്മിക്കും. ഇതിന് ചൊവ്വാഴ്ച തുടക്കമാകും. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ആര്‍കിടെക്റ്റ് ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാനമായി തദ്ദേശ സ്ഥാപന പരിധികളിലും പരമാവധി പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സംഗമവും നടത്തും. പ്രാദേശിക ജനകീയ വികസന പ്രവര്‍ത്തനങ്ങളുടെ മികച്ച ജനകീയാസൂത്രണ മാതൃകകള്‍ പ്രദര്‍ശിപ്പിക്കും. ജനകീയാസൂത്രണം എന്ത് എന്ന് പരിചയപ്പെടുത്താന്‍ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും വനിതാ സംഗമവും നടത്തും. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസൂത്രണ രേഖ പരിഷ്കരിക്കുന്നതിനും നിഷ്ക്രിയ ആസ്തികള്‍ കണ്ടെത്തുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍.സരിത, ജില്ലാ പഞ്ചായത്തംഗം സി.ജെ. സജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ് മേലത്ത്, ഡിപിസി അംഗം അഡ്വ. സി രാമചന്ദ്രന്, മുന്‍ ഡിപിസി അംഗം കെ.ബാലകൃഷ്ണന്, മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.മധുസൂദനന് നായര്‍, കില പ്രതിനിധി പി വി പത്മനാഭന്, അജയന് പനയാല്‍, സര്‍വീസ് സംഘടനാ പ്രതിനിധികളായ കെ പി ഗംഗാധരന്, വി.ചന്ദ്രന്, ഹരിദാസ് കെ., കെ ടി സുകുമാരന്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ആലോചനാ യോഗത്തില്‍ സംസാരിച്ചു.