വഡോദര: സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നടിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ദണ്ഡിയ ബസാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.
പീഡിപ്പിച്ച ശേഷം നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതായും പരാതിയിലുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34കാരനാണ് പിടിയിലായത്. ന്യൂഡെല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
പണം നല്‍കിയില്ലെങ്കില്‍ നഗ്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. നിരവധി ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.