ഉഡുപ്പി: കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വില കൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച് കടന്ന രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് പിടികൂടി. നിഖില്‍, ശ്രേയ എന്നിവരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചാണ് രണ്ടുപേരും കൊച്ചിയിലെത്തിയത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ പോയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നായ്ക്കുട്ടിയെ മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. പൂച്ചയെ വാങ്ങാനെന്ന് പറഞ്ഞാണ് രണ്ടുപേരും പെറ്റ് ഷോപ്പിലെത്തിയത്. പലതരം വളര്‍ത്തുമൃഗങ്ങളെ നോക്കുമ്പോള്‍ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയ അവര്‍ ഒരു നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മറ്റിനുള്ളില്‍ കയറ്റി കടയില്‍ നിന്ന് പുറത്തിറങ്ങി. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 25,000 രൂപ വിലമതിക്കുന്ന 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിയെ കവര്‍ച്ച ചെയ്തതായി പെറ്റ് ഷോപ്പ് ഉടമ മനസ്സിലാക്കിയത്. വിദ്യാര്‍ഥികളുടെ ദൃശ്യവും സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. കൊച്ചി പൊലീസ് കേസെടുക്കുകയും ഉഡുപ്പിയില്‍ നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന നായ്ക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.