ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പോര് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രകോപിപ്പിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീരും ലഡാക്കും ഇല്ലാതെ ഇന്ത്യന്‍ ഭൂപടം പ്രസിദ്ധീകരിച്ചാണ് ട്വിറ്റര്‍ പുതിയ വിവാദം വലിച്ചിട്ടിരിക്കുന്നത്. ജമ്മു കശ്മീരും ലഡാക്കും വേറെ രാജ്യങ്ങളാക്കിയാണ് ട്വിറ്റര്‍ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെയും ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടം നടപ്പിലാക്കാതെ പോര് തുടരുന്ന സാഹചര്യത്തില്‍ തെറ്റായി ഭൂപടം പ്രദര്‍ശിപ്പിച്ചതിന് ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാനുള്ള സാധ്യത ഏറെയാണ്.