ന്യൂഡല്‍ഹി: കേന്ദ്രം മുട്ടുമടക്കി. ഒരു വര്‍ഷത്തിലേറെയായി തെരുവില്‍ അന്തിയുറങ്ങി ഭരണകൂടത്തിനെതിരെ മണ്ണിന്റെ മക്കളുയര്‍ത്തിയ പ്രതിഷേധം ഫലം കണ്ടു. വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ, ഗുരു നാനാക് ജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചു.
രാവിലെ രാജ്യത്തെ അഭിസംബോധനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നിര്‍ണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ നിയമം നടപ്പിലാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും മോദി അറിയിച്ചു.
‘കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിച്ചില്ല. കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിന് പ്രധാന്യം നല്‍കും’-പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി, രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമങ്ങളെ എതിര്‍ത്ത കര്‍ഷകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.