ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ എട്ട് ജില്ലകളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്. ജൂണ്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍ 10 ശതമാനത്തിനു മുകളില്‍ ടി.പി.ആര് രേഖപ്പെടുത്തിയ ജില്ലകളാണിത്.
രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കത്തില്‍ ആവശ്യപ്പെട്ടു. ഈ ജില്ലകളിലെ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനയുടെ തോതും കത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. ജില്ലാതലത്തിലെ പ്രതിരോധ പ്രവര്‍ത്തനം, കേസുകള്‍ കണ്ടെത്താനുള്ള ഊര്‍ജിത നടപടി, ബ്ലോക്ക് തല ഘടകങ്ങള്‍, ഫലപ്രദമായ നിരീക്ഷണ സംവിധാനം, ഉടനടി ആശുപത്രിയിലാക്കുന്നതിനും ഐസലേഷനുമുള്ള സജ്ജീകരണം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.