കാഞ്ഞങ്ങാട്: നിക്ഷിപ്ത താല്പര്യങ്ങളൊന്നുമില്ലാത്ത സ്നേഹിക്കുവാന്‍ കൊള്ളാവുന്ന പളുങ്കുപാത്രം പോലെ പവിത്രമായ മനസ്സിന്റെ ഉടമകളായ കാസര്‍കോട്ടുകാരുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഡോ. ഖാദര്‍ മാങ്ങാട് രചിച്ച ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാന്‍സലര്‍ പദവിയും എന്ന പുസ്തകമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഭാഷകളുള്ള പ്രദേശമായി അറിയപ്പെടുന്ന കാസര്‍കോട്ടെ ജനങ്ങളുടെ ജീവിത രീതി, പരസ്പര സ്നേഹം, സഹവര്‍ത്തിത്വം, വിശാലമായ കാഴ്ചപ്പാട്, മതേതര ഭാവം, പള്ളികള്‍, അമ്പലങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പുസ്തകത്തില്‍ എടുത്തുകാട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മ വിമര്‍ശനത്തിലൂന്നിയ അനുഭവങ്ങളുടെ കനല്ചൂടും പുസ്തകത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കവി നാലപ്പാടം പത്മനാഭന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
നിഷ്കളങ്കവും മറയില്ലാത്തതുമായ അനുഭവം പറച്ചില് ഒരു ബഷീര്‍ സ്പപര്ശം ഈ പുസ്തകത്തിന് നല്‍കുന്നതായി പുസ്തകം നാലപ്പാടം പത്മനാഭന് അഭിപ്രായപ്പെട്ടു.
പ്രസ്ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അരവിന്ദന് മാണിക്കോത്ത്, ബഷീര്‍ ആറങ്ങാടി, അഡ്വ. ടി.കെ. സുധാകരന്, സുറാബ് നീലേശ്വരം, പല്ലവ നാരായണന്, സി.പി. ശുഭ, രാഘവന് കുളങ്ങര, ടി. മുഹമ്മദ് അസ്ലം സംസാരിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.