കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠാ പുരസ്കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും അര്‍പ്പിച്ച ശ്രദ്ധേയ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദനെ അവാര്‍ഡിന് ജൂറി അംഗങ്ങളായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവര്‍ തിരഞ്ഞെടുത്തത്.
ഇംഗ്ലീഷ് പ്രൊഫസറായ സച്ചിദാനന്ദന്റേതായി മലയാളത്തില്‍ 42 കൃതികളും കവിതാ സമാഹാരങ്ങളും ഇംഗ്ലീഷില്‍ 9 കൃതികളും അറബിക്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജാപനീസ് ഭാഷകളില്‍ 41 വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തെ കുറിച്ച് ഇംഗ്ലീഷില്‍ 5 പുസ്തകങ്ങളും ലോക കവിതകളില്‍ നിന്നും ഡസനിലധികം പരിഭാഷകളും എഡിറ്റ് ചെയ്തവയുമടക്കം 20 ഗ്രന്ഥങ്ങളുമുണ്ട്. എഴുത്തച്ഛന് പുരസ്കാരം, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മാതൃഭൂമി സാഹിത്യ പുരസ്കാരം, കേരള യൂണിവേഴ്സിറ്റിയുടെ ഒ.എന്‍.വി അവാര്‍ഡ്, കര്‍ണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പ്രമുഖ പുരസ്കാരങ്ങള്‍ എന്നിവയുള്‍പ്പെടെ 75ലധികം ബഹുമതികള്‍ സച്ചിദാനന്ദനെ തേടിയെത്തിയിട്ടുണ്ട്. ഒക്ടോബറില്‍ ദുബായില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.