ന്യൂഡല്‍ഹി: ഇനി ഇന്ത്യയില്‍ ഐ.പി.എല്‍ തുടരാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബയോ ബബിളിനുള്ളില്‍ നടത്തിയ ടൂര്‍ണമെന്റില്‍ തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്.
നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്താല്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുക അസാധ്യമാണെന്ന് ഗാംഗുലി വ്യക്തമാക്കി. 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്. ബാക്കി 31 മത്സരങ്ങള്‍ കൂടി ഇനി നടത്താനുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ എപ്പോള്‍ നടത്താനാകുമെന്ന ആലോചനയിലാണ് ബിസിസിഐ. അതേസമയം ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.