തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് മൂന്നാം തരംഗം പടിവാതില്ക്കല് നില്ക്കുമ്പോള് ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് ഐ.എം.എ ദേശീയ കമ്മിറ്റി വിമര്‍ശിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്ഥയാത്രകള് മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം, ദേശീയ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ബലിപെരുനനാളിനോടനുബന്ധിച്ച് മൂന്ന് ദിവസം ലോക്ക്ഡഡൗണില് ഇളവ് പ്രഖ്യാപിച്ചത്. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെയും വിവിധ മതസംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.
ബുധനാഴ്ച പെരുന്നാള്‍ ആയതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഫാന്‍സി, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ തുറക്കാം. തിങ്കളാഴ്ച ഡി കാറ്റഗറിയിലും ഈ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നേരത്തെ എ കാറ്റഗറിയില്‍ മാത്രമായിരുന്നു ഈ ഇളവുകള്‍. ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ക്ഡൗണും ഈ ആഴ്ച ഒഴിവാക്കിയിരുന്നു. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിശ്ചിത ആളുകള്‍ മാത്രമേ പ്രവേശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മതനേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഡോസ് എങ്കിലും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ആരാധനാലയങ്ങളില്‍ പ്രവേശനം.