കാസര്‍കോട്: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച് കര്‍ണാടക ജുലായ് 31ന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതനുസരിച്ച് സ്വകാര്യ വാഹനങ്ങളിലെത്തുന്ന രോഗികള്‍ക്ക് ഒരു ഡോസ് വാക്സിനേഷന് എടുത്തിട്ടുണ്ടെങ്കില്‍ പ്രവേശനം അനുവദിക്കാനുള്ള വഴിയാണ് തുറന്നുകിട്ടുന്നത്. കഴിഞ്ഞ ദിവസം വരെ ആംബുലന്‍സില്‍ പോകുന്ന രോഗികളെ മാത്രമേ 72 മണിക്കൂര്‍ സമയ പരിധിക്കിടെയുള്ള ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കടത്തി വിട്ടിരുന്നുള്ളു.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആര് ജയാനന്ദ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
കര്‍ണാടക സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയവരുടെ പ്രതിനിധികള്‍ക്കാണ് 17ന് ഹാജരാകാന്‍ ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് നോട്ടീസ് അയച്ചിരുന്നത്. ഇവരുടെ വാദം കേട്ടാണ് ചൊവ്വാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് 25ന് ഈ വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കും.
കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനകമുള്ള കോവിഡ് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും ഒരു ഡോസ് കോവിഡ് വാക്സിന് എടുത്തവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.
ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റിന് 14 ദിവസം കലാവധി നല്‍കുന്നതാണ് കേന്ദ്ര നിര്‍ദേശം. കര്‍ണാടക ഇത് തള്ളി 72 മണിക്കൂറാക്കി. വാക്സിനെടുത്തവരെ എല്ലാ സംസ്ഥാനങ്ങളിലും കടത്തി വിടണമെന്ന് കേന്ദ്ര നിര്‍ദേശവും കര്‍ണാടക ലംഘിക്കുന്നതായി കാസര്‍കോട് പ്രസ്ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.ആര് ജയാനന്ദ, കെ.വി കുഞ്ഞിരാമന്, തുളു അക്കാദമി ചെയര്മാന് ഉമേശ് സാലിയാന്‍, അഡ്വ. ചന്ദ്രമോഹന് എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞമാസം ഇറക്കിയ പുതുക്കിയ സര്‍ക്കുലറില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വ്യാപാരത്തിനും കര്ണാടകയിലേക്കെത്തുന്നവര്ക്ക് 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശവും ലംഘിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരെ കടത്തി വിടണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും അതും പാലിക്കപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.