മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ 'നാട്ടുപ്പോര്' ശ്രദ്ധേയമായി

മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് സംഘടിപ്പിച്ച 'നാട്ടുപ്പോര്' മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി ഉദ്ഘാടനം ചെയ്യുന്നു
ബോവിക്കാനം: മുളിയാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് സംഘടിപ്പിച്ച, മുളിയാറിലെ 18 വാര്‍ഡുകളിലെ ത്രിതല പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം 'നാട്ടുപ്പോര്' വാശിയേറിയ ചോദ്യവും മറുപടിയുംകൊണ്ട് ശ്രദ്ധേയമായി. മുളിയാറിന്റെ വികസനത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങളും വികസന കാര്യത്തില്‍ ചില പ്രദേശങ്ങളില്‍ ഉണ്ടായ പിന്നോകാവസ്ഥയും പലരും ഉയര്‍ത്തിക്കാട്ടി. മുളിയാറിന്റെ വികസനവും വികസന കാഴ്ചപ്പാടും രാഷ്ട്രീയവും എ.ബി.സി കെട്ടിടവും നായയുടെ കുരയും ശല്യവും മുളിയാര്‍ സി.എച്ച്.സിയും കുടിവെള്ളവും ശ്മശാനവും സ്റ്റേഡിയവുമൊക്കെ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. മുളിയാര്‍ പീപ്പള്‍സ് ഫോറം പ്രസിഡണ്ട് ബി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. പീപ്പള്‍സ് ഫോറം സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം മോഡറേറ്ററായി. ഗാന്ധിരാമന്‍ നായര്‍ ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ കുമാര്‍ നാരന്തട്ട മുഖ്യപ്രഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ കെ.ബി മുഹമ്മദ് കുഞ്ഞി, ഇ. മോഹനന്‍, ഷെരീഫ് കൊടവഞ്ചി, കബീര്‍ മുസ്ല്യാര്‍ നഗര്‍, ബി.സി കുമാരന്‍, കെ. ദമോദരന്‍ മാസ്റ്റര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, അസീസ് മൂലടുക്കം, രമേശന്‍ മുതലപ്പാറ, നാരായണന്‍, നസീര്‍ മൂലടുക്കം, കാര്‍ത്തികേയന്‍ ഓംബയില്‍, ബാലകൃഷ്ണന്‍, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, റംഷീദ് ബാലനടുക്ക, ഹനീഫ് മുസ്ല്യാര്‍ നഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബീര്‍ മുസ്ല്യാര്‍ നഗര്‍ നന്ദി പറഞ്ഞു.

