82 കര്‍മ്മപദ്ധതികളുമായി എല്‍.ഡി.എഫ് പ്രകടന പത്രിക

എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്‍ പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കി. 82 കര്‍മ്മപതികളുമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. കാസര്‍കോടിന്റെ വ്യാവസായിക വികസനം ലക്ഷ്യമിട്ട് റൈസിംഗ് കാസര്‍കോട്, കാര്‍ഷികമേഖലയുടെ പുരോഗതിക്കായി അഗ്രികള്‍ച്ചറര്‍ ഫാം പ്രൊഡ്യൂസര്‍ കമ്പനികള്‍, വന്യമൃഗശല്യം തടയുന്നതിനായി പദ്ധതി, ക്ഷീരസ്വയംപര്യാപ്തത കൈവരിക്കാന്‍ പദ്ധതി, വൈജഞാനിക കേരളം പദ്ധതിപ്രകാരം വീടിനടുത്ത് തൊഴിലിടങ്ങള്‍. വിദ്യാലയങ്ങളില്‍ എ.ഐ ലാബുകളടക്കമുള്ള സൗകര്യങ്ങള്‍, സ്ത്രീകള്‍ക്ക് സംരംഭക പരിശീലനം. ഇങ്ങനെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളുമുള്‍പ്പെടുന്നതാണ് എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക. ജില്ലയില്‍ ഒമ്പതര വര്‍ഷത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇരുപതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ വിധിയെഴുതുമെന്ന് പ്രകാശനം നിര്‍വഹിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്‍ പറഞ്ഞു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു എന്നിവരും എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളും പ്രകടന പത്രിക പ്രകാശനത്തില്‍ പങ്കെടുത്തു.

