തിരുവനന്തപുരം: ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തമാകാത്ത സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്ലൈനിലായി. വിദ്യാലയങ്ങളിലെ ഇടപെടലുകളോ അധ്യാപകരുടെ നേരിട്ടുള്ള ശ്രദ്ധയോ ഇല്ലാതെ രണ്ടാം അധ്യയന വര്‍ഷമാണ് കേരളത്തില്‍ ആരംഭിച്ചത്. ചെറിയ കുട്ടികള്‍ മുതല്‍ ഫോണിലും കമ്പ്യൂട്ടറുകളിലുമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാകുമ്പോള്‍ പ്രശ്നങ്ങളും നിരവധിയാണ്. കുട്ടികളുടെ നിഷ്കളങ്ക മനസ് ഇന്റര്‍നെറ്റിന്റെ മായാലോകത്തെ ചതിക്കുഴികളിലേക്ക് എത്തപ്പെടാനുള്ള സാഹചര്യമാണ് ഇതില്‍ പ്രധാനം.
ഇത്തരം പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസ് പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
വിദ്യാഭ്യാസം ഓണ്‍ലൈനിലായതോടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ശേഷം അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കുട്ടികളുമായി തുറന്നു സംസാരിച്ചു അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ തയ്യാറാവണം. കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് തുറന്നു പറയാനുള്ള ഏറ്റവും മികച്ച വ്യക്തികളായി മാതാപിതാക്കള്‍ മാറണം. ഭയം അല്ലെങ്കില്‍ നാണം കാരണം മാതാപിതാക്കളോട്/ അധ്യാപകരോട് തുറന്നു പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ കുട്ടികള്‍ക്ക് തുറന്നു പറയാനുള്ള ഇടം ആയാണ് ഓണ്‍ലൈന്‍ സൗഹൃദങ്ങളെ കാണുന്നത്. ഇവിടെ നിന്നും ചൂഷണങ്ങള്‍ ആരംഭിക്കുന്നു. അത്തരം ചൂഷണങ്ങള്‍ക്ക് ഇടം കൊടുക്കാതെ എല്ലാ കാര്യങ്ങളും തുറന്നുപറയാവുന്ന സ്ഥലമായി വീടുകള്‍ മാറ്റുക. കുട്ടികള്‍ നിഷ്കളങ്കരാണ്, പ്രശ്നങ്ങള്‍ക്ക് മുന്നില്‍ അവരെ ഭയപെടുത്താതെ/കുറ്റപ്പെടുത്താതെ ആത്മവിശ്വാസം നല്കി അവ പരിഹരിക്കുക. ഓണ്‍ലൈന്‍ പ്രശ്നങ്ങള്‍ മാതാപിതാക്കളോട് തുറന്നു പറയാന്‍ അവരെ ശീലിപ്പിക്കുക.