തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്.സി.ഇ.ആര്.ടി ശുപാര്‍ശയ്ക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആര് ടി മുന്നോട്ടുവച്ച ശുപാര്‍ശയില്‍ പ്രധാനമായും മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നാണ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ ഉദാരമായാണ് നടത്തിയതെന്നും ഇത്തവണ ചോദ്യപേപ്പറില്‍ കൂടുതല്‍ ചോയ്സ് ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങള്‍ കൈമാറിയിരുന്നു. പരീക്ഷകള്‍ ഉദാരമായി നടത്തിയതിനാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ഈ മാസം ഏഴിന് ആരംഭിച്ച എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്. നിലവില്‍ ടാബുലേഷനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടാബുലേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ സജീവമാക്കിയിട്ടുണ്ട്. ടാബുലേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്തമാസം പകുതിയോടെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.