ന്യൂഡെല്‍ഹി: പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് ഫലപ്രദമല്ലെന്ന് നേപ്പാള്‍. ബാബാ രാംദേവിന്റെ കമ്പനി സമ്മാനിച്ച പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് വിതരണം നേപ്പാള്‍ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെച്ചതായി റിപോര്‍ട്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്കിയ കിറ്റുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോവിഡിനെ നേരിടാന്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് 1,500 കിറ്റുകള്‍ വാങ്ങുമ്പോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആയുര്‍വേദ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പതഞ്ജലിയുടെ കൊറോണില്‍ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ പ്രസ്താവനകള്‍ നേപ്പാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി തെളിയിക്കാന്‍ രാംദേവിനെ വെല്ലുവിളിക്കുകയും ചെയ്തതായാണ് വിവരം.
നേരത്തെ കൊറോണില്‍ കിറ്റുകളുടെ വിതരണം ഭൂട്ടാനും നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി. കൊറോണില്‍ കിറ്റുകള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമല്ലെന്ന് കണ്ടാണ് ഭൂട്ടാനിലും വിതരണം നിര്‍ത്തിവെച്ചത്. അതേസമയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു.