തിരുവനന്തപുരം: കേരളത്തില്‍ ഒരു കോടിയിലധികം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 1,00,69,673 പേര്‍ക്കാണ് ഇതുവരെ വാക്സിന് നല്‍കിയത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്. അതേസമയം സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് കേന്ദ്രം ലഭ്യമാക്കിയത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്സിന് പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ കഴിഞ്ഞുവെന്നും സംസ്ഥാനത്തെ നഴ്സുമാരുടെ ജാഗ്രത കൊണ്ടാണ് വാക്സിന് പാഴായി പോകുന്ന അവസ്ഥ ഉണ്ടാകാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരുമാണ് സംസ്ഥാനത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത്. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന് വീതം നല്‍കിയിട്ടുണ്ട്.