ഈണത്തില്‍ ചൂണ്ടി അബൂബക്കര്‍ അബ്ബാസ് 'മെത്രോ,ദിസ് വേ... '
ഖത്തര്‍ അത്ഭുതകരമാംവിധം മാറിയിരിക്കുന്നു. ലോകകപ്പിന് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് ഖത്തറിനെയാകെ മനോഹരമാക്കിയിരിക്കുകയാണ്. ലുസൈല്‍ പോലെ പുതിയ മോഡേണ്‍ സിറ്റികള്‍. ഭൂഗര്‍ഭ അറപോലെ മനോഹരമായി തീര്‍ത്ത മെട്രോ സ്റ്റേഷനുകള്‍. വീതിയേറിയ വിവിധ റോഡുകള്‍...നേരം സന്ധ്യയോടടുക്കുന്നു. ഞങ്ങള്‍ ഫാന്‍ഫെസ്റ്റിലേക്കുള്ള യാത്രയിലാണ്. മെട്രോ ട്രെയിനില്‍ കയറി വേണം വിവിധ ഫാന്‍ ഫെസ്റ്റിവലിലേക്ക് എത്തിച്ചേരാന്‍. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ പോലെ വിശാലമായ ഒരു ജംഗ്ഷനുണ്ട് ഖത്തറില്‍-മുഷ്‌രിബ് സ്റ്റേഷന്‍. ഫരീജ് അബ്ദുല്‍ അസീസിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരു വളവ് തിരിഞ്ഞ് നടന്ന് ഞങ്ങള്‍ മുഷ്‌രിബ് […]
ഖത്തര്‍ അത്ഭുതകരമാംവിധം മാറിയിരിക്കുന്നു. ലോകകപ്പിന് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് ഖത്തറിനെയാകെ മനോഹരമാക്കിയിരിക്കുകയാണ്. ലുസൈല്‍ പോലെ പുതിയ മോഡേണ്‍ സിറ്റികള്‍. ഭൂഗര്‍ഭ അറപോലെ മനോഹരമായി തീര്‍ത്ത മെട്രോ സ്റ്റേഷനുകള്‍. വീതിയേറിയ വിവിധ റോഡുകള്‍...നേരം സന്ധ്യയോടടുക്കുന്നു. ഞങ്ങള്‍ ഫാന്‍ഫെസ്റ്റിലേക്കുള്ള യാത്രയിലാണ്. മെട്രോ ട്രെയിനില്‍ കയറി വേണം വിവിധ ഫാന്‍ ഫെസ്റ്റിവലിലേക്ക് എത്തിച്ചേരാന്‍. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ പോലെ വിശാലമായ ഒരു ജംഗ്ഷനുണ്ട് ഖത്തറില്‍-മുഷ്‌രിബ് സ്റ്റേഷന്‍. ഫരീജ് അബ്ദുല്‍ അസീസിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരു വളവ് തിരിഞ്ഞ് നടന്ന് ഞങ്ങള്‍ മുഷ്‌രിബ് […]

ഖത്തര്‍ അത്ഭുതകരമാംവിധം മാറിയിരിക്കുന്നു. ലോകകപ്പിന് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് ഖത്തറിനെയാകെ മനോഹരമാക്കിയിരിക്കുകയാണ്. ലുസൈല്‍ പോലെ പുതിയ മോഡേണ്‍ സിറ്റികള്‍. ഭൂഗര്‍ഭ അറപോലെ മനോഹരമായി തീര്‍ത്ത മെട്രോ സ്റ്റേഷനുകള്‍. വീതിയേറിയ വിവിധ റോഡുകള്‍...
നേരം സന്ധ്യയോടടുക്കുന്നു. ഞങ്ങള്‍ ഫാന്‍ഫെസ്റ്റിലേക്കുള്ള യാത്രയിലാണ്. മെട്രോ ട്രെയിനില്‍ കയറി വേണം വിവിധ ഫാന്‍ ഫെസ്റ്റിവലിലേക്ക് എത്തിച്ചേരാന്‍. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ പോലെ വിശാലമായ ഒരു ജംഗ്ഷനുണ്ട് ഖത്തറില്‍-മുഷ്‌രിബ് സ്റ്റേഷന്‍. ഫരീജ് അബ്ദുല്‍ അസീസിലെ ഫ്‌ളാറ്റില്‍ നിന്ന് ഒരു വളവ് തിരിഞ്ഞ് നടന്ന് ഞങ്ങള്‍ മുഷ്‌രിബ് മെട്രോ സ്റ്റേഷനിലെത്തി. മൂന്ന് നില സ്റ്റേഷനാണത്. നിഷ്പ്രയാസം എല്ലാ നിലകളും കയറിയിറങ്ങാന്‍ നാല് ചുറ്റും എസ്‌കലേറ്ററുകളുണ്ട്. ഒരു ട്രെയിന്‍ കയറിയിറങ്ങി മറ്റൊരു ട്രെയിനില്‍ ഞങ്ങള്‍ ഫാന്‍ ഫെസ്റ്റിലേക്ക് യാത്ര തുടര്‍ന്നു. മിനിട്ടുകള്‍ മാത്രം നീളുന്ന സഞ്ചാരം. എല്ലാ മെട്രോകളിലും നല്ല തിരക്കാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ മെട്രോ സ്റ്റേഷനുകളിലും അലയടിക്കുന്നുണ്ട്. ട്രെയിനിലും ആരവള്‍ക്ക് ഒട്ടുംകുറവില്ല. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിവിധ ഭാഷക്കാരും ദേശക്കാരുമായ ഫുട്‌ബോള്‍ പ്രേമികള്‍. അധികപേരും വിവിധ താരങ്ങളുടെ ജേഴ്‌സി ധരിച്ചവരാണ്. ഏറെയും വെള്ളയില്‍ ഇളം നീല വരയുള്ള മെസ്സിയുടെ പത്താംനമ്പര്‍ ജേഴ്‌സിക്കാര്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും വ്യത്യസ്തങ്ങളായ തലപ്പാവുകള്‍ ധരിച്ചും മുഖത്ത് ചായം തേച്ചും സ്റ്റേഡിയങ്ങളിലേക്കും ഫാന്‍ഫെസ്റ്റിവലുകളിലേക്കും നിറഞ്ഞൊഴുകുകയാണ്. അര്‍ജന്റീനയുടേയും മെസ്സി എന്ന താരത്തിന്റേയും ആരാധകര്‍ തന്നെയാണ് ഖത്തറില്‍ ഏറെയും എത്തിയിട്ടുള്ളതെന്ന് ആദ്യ ദിനത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു. നീലാകാശം പോലെ കണ്‍മുന്നില്‍ നിറയെ അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ചവര്‍.
എന്നാല്‍ മണിക്കൂറുകള്‍ക്കകം കഥമാറി. നീലയ്ക്ക് പകരം പച്ച നിറത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശിയത് ഒറ്റ നിമിഷംകൊണ്ടാണ്. ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യ അര്‍ജന്റീനയെ കീഴ്‌പ്പെടുത്തി ആനന്ദ നൃത്തമാടിയപ്പോഴാണത്. ദോഹയിലെ സ്ട്രീറ്റുകളിലെല്ലാം പച്ച ജേഴ്‌സിക്കാര്‍ നിറഞ്ഞാടി. അവിശ്വസനീയമായിരുന്നു അര്‍ജന്റീനക്കെതിരായ സൗദിയുടെ വിജയം. സൗദി അറേബ്യന്‍ ആരാധകരുടെ ആര്‍പ്പുവിളികളും ആഘോഷപ്പൂരവുമായി തെരുവകളും മെട്രോ സ്റ്റേഷനുകളും ഫാന്‍ ഫെസ്റ്റുകളും വേറെ ലെവലിലായി.
സൂഖ് വാഖിഫിലൂടെയാണ് ഫാന്‍ഫെസ്റ്റിവലിലേക്കുള്ള ഞങ്ങളുടെ യാത്ര. ഇറാനി സൂഖ് എന്നാണ് ഈ സ്ട്രീറ്റ് അറിയപ്പെടുന്നത്. ഇറാനി സൂഖ് ജനനിബിഡമാണ്. കാലിടാന്‍ ഇടമില്ല. സൗദി അറേബ്യന്‍ ആരാധകരുടെ ആഘോഷപൊലിമയില്‍ സ്ട്രീറ്റ് വര്‍ണ്ണാഭമാണ്. ഇവിടെ നിറയെ ഹോട്ടലുകളാണ്. എല്ലാ ഹോട്ടലുകള്‍ക്ക് മുന്നിലും വലിയ തിരക്കുണ്ട്. മലയാളികളുടെ കടകളുമുണ്ട് ഇവിടെ. കാസര്‍കോട് തളങ്കര ബാങ്കോട് സ്വദേശി ഇഖ്ബാല്‍ നിരവധി വര്‍ഷമായി ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. തിരക്കിനിടയില്‍ ഞങ്ങള്‍ അദ്ദേഹത്തേയും കണ്ടു. രാത്രി വൈകുന്തോറും സൂഖിലെ തിരക്ക് പിന്നേയും വര്‍ധിക്കുകയാണ്. വിദേശ ചാനല്‍ പ്രതിനിധികളടക്കം ക്യാമറ നിരത്തിവെച്ച് ആഘോഷങ്ങളും ആര്‍പ്പുവിളികളും ചിത്രീകരിക്കുന്നു. ആദ്യ മത്സരത്തില്‍ തന്നെ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സന്തോഷം സൗദികളുടെ മുഖത്ത് ചില്ലറയൊന്നുമല്ല. അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെ ലോകകപ്പ് കിരീടം തന്നെ ചൂടിയത് പോലെയുള്ള ആഹ്ലാദമായിരുന്നു അവരില്‍ കണ്ടത്. അവര്‍ക്കൊപ്പം പച്ച ജേഴ്‌സി അണിഞ്ഞും കഴുത്തില്‍ ഷാള്‍ ധരിച്ചും യൂറോപ്യന്‍ രാജ്യക്കാരടക്കം ആഘോഷത്തിലാണ്. ഇറാനി സൂഖിന്റെ മുക്ക് മൂലകളില്‍ നൃത്തച്ചുവടുകളുമായി ആരാധകര്‍ ആ അറേബ്യന്‍ നൈറ്റ്‌സ് ആസ്വദിക്കുന്നു. അവര്‍ക്കൊപ്പം ഞങ്ങളും ചേര്‍ന്നു. സിദ്ദീഖ് പട്ടേലും ഇഖ്ബാല്‍ കൊട്ടിയാടിയും നന്നായി നൃത്തം ചെയ്തപ്പോള്‍ സൗദി ആരാധകനായ തടിച്ചുകൊഴുത്ത ഒരു ഇംഗ്ലീഷുകാരന്‍ അവരെ അറബികളുടെ മധ്യത്തില്‍ കൊണ്ടുചെന്നുനിര്‍ത്തി. അവിടേയും അവര്‍ നൃത്തം തുടര്‍ന്നു.
ലോകകപ്പ് ഫുട്‌ബോളിന്റെ പുഞ്ചിരി അടയാളം അവിടെ നിയോഗിക്കപ്പെട്ട വളണ്ടിയര്‍ മുതല്‍ പലപ്പോഴും സ്റ്റേഡിയങ്ങളിലെ വി.ഐ.പി ഗാലറിയില്‍ വന്നിരുന്ന് മത്സരങ്ങള്‍ കാണാറുള്ള ഷെയ്ഖ് തമീമിന്റെ വരെ മുഖത്ത് കാണാം. വളണ്ടിയര്‍മാരും ഖത്തറിലെ ഓരോ പൗരനും സേവനത്തിന് വേണ്ടി സജ്ജരായി നില്‍ക്കുകയാണ്. ഖത്തര്‍ ലോകകപ്പിന്റെ നട്ടെല്ല് അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന 80 രാജ്യങ്ങളില്‍ നിന്നുള്ള 20,000ഓളം വരുന്ന വളണ്ടിയര്‍മാര്‍ തന്നെയാണ്. എന്തൊരു ക്ഷമയാണവര്‍ക്ക്. എന്തൊരു സേവന സന്നദ്ധതയും. നമുക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെന്ന് തോന്നേണ്ട നിമിഷം, അവര്‍ തൊട്ടുമുന്നിലുണ്ടാവും. ഖത്തര്‍ ലോകകപ്പിന്റെ നന്മ അടയാളമായി കണ്ട വളണ്ടിയര്‍മാരോട് വല്ലാത്ത സ്‌നേഹവും ബഹുമാനവും തോന്നിപ്പോയി.
ഞങ്ങള്‍ നടന്ന് സൂഖ് വാഖിഫിന്റെ അങ്ങേതലയ്ക്കലെത്തി. അവിടെ ഒരു ബഹുനില കെട്ടിടത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ വാര്‍ത്താചാനലുകളുടെ സ്റ്റുഡിയോകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റുഡിയോകളുടെ പിന്‍ഭാഗം ഗ്ലാസിട്ട് സൂഖ് നന്നായി കാണാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ ലൈവ് പരിപാടി നടക്കുമ്പോള്‍ ഇറാനി സൂഖിലെ മുഴുവന്‍ ആരവങ്ങളും കൃത്യമായി ലോകം മുഴുവനും കാണാം.
ഫാന്‍ഫെസ്റ്റിലേക്ക് എത്താനായി ഞങ്ങള്‍ മെട്രോ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് നടന്നു. മെട്രോയിലേക്കുള്ള വഴികാണിച്ച് ഒരാള്‍ ഒരു കോണിപ്പടിയില്‍ ദിശാസൂചികയും സ്പീക്കറും പിടിച്ച് ഇരിക്കുന്നുണ്ട്. നല്ല ഈണത്തില്‍ 'മെത്രോാാാ... ദിസ് വേ...' 'മെത്രോാാാ... മെത്രോ...' എന്ന് പറഞ്ഞ് വഴികാണിക്കുന്ന ആ 'മെട്രോമാനെ' ഒരു നിമിഷംകൊണ്ട് ആരും ഇഷ്ടപ്പെട്ടുപോകും. അത്ര ഈണത്തിലാണ് മെട്രോയിലേക്ക് അദ്ദേഹം വഴികാണിക്കുന്നത്. അദ്ദേഹത്തിനൊപ്പം നിന്ന് പലരും മെത്രോ എന്ന് വിളിച്ച് ആസ്വദിക്കുന്നതും വീഡിയോ പകര്‍ത്തുന്നതും കാണാം. ഖത്തര്‍ ലോകകപ്പ് വളണ്ടിയര്‍മാരുടെ അംബാസിഡറായി വളരെ പെട്ടെന്ന് തന്നെ ആദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. കെനിയക്കാരനായ അബൂബക്കര്‍ അബ്ബാസാണ് അത്. 23 കാരനായ അബൂബക്കര്‍ അബ്ബാസ് വളണ്ടിയര്‍ എന്ന നിലയിലുള്ള തന്റെ ചുമതല അത്രമനോഹരമായാണ് നിര്‍വഹിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് വേണ്ടി നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് വളണ്ടിയര്‍മാരും ഇങ്ങനെതന്നെയാണ്. ചുണ്ടില്‍ വിരിയുന്ന മന്ദഹാസവും തികഞ്ഞ ക്ഷമയും ആരേയും ഏതുതരത്തിലും സഹായിക്കാനുള്ള തല്‍പരതയുമായി നില്‍ക്കുകയാണ് അവര്‍. അബൂബക്കര്‍ അബ്ബാസ് ദിവസങ്ങള്‍ക്കകം കൊണ്ട് തന്നെ വിദേശ വാര്‍ത്തകളിലും ഇടംപറ്റി. സഞ്ചാരികള്‍ അദ്ദേഹത്തെ അനുകരിച്ച് 'മെത്രോ...' എന്നുരുവിട്ട് നടക്കുന്നത് കാണം. അബൂബക്കര്‍ അബ്ബാസ് മെത്രോ എന്ന് പറയുമ്പോഴേക്കും അടുത്ത മറുപടി അതുവഴി കടന്നുപോകുന്നവരുടെ നാവില്‍ തുമ്പത്ത് നിന്നാവും; 'ദിസ് വേ'. മെത്രോ ദിശാ സൂചികയുമായി നിന്ന വളണ്ടിയര്‍മാരെല്ലാം പിന്നീട് അബൂബക്കര്‍ അബ്ബാസിനെ അനുകരിക്കുകയായിരുന്നു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുമ്പില്‍ അവര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ നിര്‍വഹിച്ച അബൂബക്കര്‍ അബ്ബാസ് എന്ന മെട്രോമാനെ പിന്നീട് അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള മത്സരത്തിനിടെ പ്രധാന അതിഥിയായി കൊണ്ടുവന്ന് ആദരിച്ചത് സംഘാടകരുടെ നന്മ നിറഞ്ഞ മനസ്സിന്റെ മറ്റൊരു പരിമളം.
അബൂബക്കര്‍ അബ്ബാസ് ചൂണ്ടിത്തന്ന വഴിയിലൂടെ ഞങ്ങള്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. ഖത്തറിന്റെ ആതിഥേയത്വം വല്ലാണ്ട് ആസ്വദിക്കുന്നതിനിടയിലും നേരിയ തോതിലെങ്കിലും വിഷമകരമായി തോന്നിയത് സ്റ്റേഷനിലേക്കും തിരിച്ചും വഴിനീളെ നിരത്തിവെച്ച ബാരിക്കേടുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള നടത്തമാണ്. ഇത് ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു. സ്റ്റേഷന് മുമ്പില്‍ കിലോമീറ്ററോളം ദൂരത്തില്‍ ബാരിക്കേടുകള്‍ വെച്ചാണ് ഓരോ ആളുകളേയും കടത്തിവിടുന്നത്. ഇത് പലപ്പോഴും പ്രായമായവര്‍ക്കും ശാരീരികമായ പ്രയാസങ്ങളുള്ളവര്‍ക്കും വിഷമകരമായി തോന്നി എന്നത് മറച്ചുവെക്കാനാവാത്ത സത്യമാണ്.
(തുടരും)
-ടി.എ ഷാഫി