തിരുവനന്തപുരം: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളം. പരാമര്‍ശത്തില്‍ ഡെല്‍ഹി സര്‍വ്വകലാശാലാ പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വൈസ് ചാന്‍സിലര്‍ക്കും കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്കും കത്തയച്ചു. ‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശം നടത്തിയ ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം.
സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് അധ്യാപകന് നടത്തിയിട്ടുള്ളതെന്നും ക്രിമിനല്‍ നിയമപ്രകാരവും വകുപ്പ് തലത്തിലും നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ‘മാര്‍ക്ക് ജിഹാദ്’ എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും രാകേഷ് കുമാര്‍ പറഞ്ഞു. ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നാണ് രാകേഷ് പാണ്ഡെയുടെ അവകാശവാദം.