കുന്താപുരം: കുന്താപുരത്തിനടുത്ത ബേലൂര്‍ ഗ്രാമത്തില്‍ കാര്‍ ഷെഡിലുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് മരിച്ചു. ബേളൂര്‍ ദേലട്ട് മഹാലിംഗേശ്വര ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് ബേളൂര്‍ പടുമുണ്ടിലെ ഡോ. ദിനേശ് ഷെട്ടിയാണ് മരിച്ചത്. ദിനേശ് ഷെട്ടിയുടെ ഭാര്യ വാസന്തി ഷെട്ടി ഗുരുതരനിലയില്‍ മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ദിനേശ് ഷെട്ടിയുടെ വസതിയോട് ചേര്‍ന്നുള്ള കാര്‍ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ദിനേശ് ഷെട്ടിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് കാറും കാര്ഷെഡിനോട് ചേര്‍ന്നുള്ള അടുക്കളയുടെ ജനാലയുടെ ഗ്ലാസും കാര്‍ഷെഡില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു. ദിനേശ് ഷെട്ടി നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് പെണ്മക്കളുമുണ്ട്.