ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് സംഭവം. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബാബുലാല്‍ മരിച്ചു. അര്‍ധരാത്രി വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ ആള്‍ക്കൂട്ടം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പുര്‍ റെയ്ഞ്ച് ഐ.ജി. സത്യവീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.