കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതീയ വിവേചനത്തില്‍ ആരോപണ വിധേയനെതിരെ നടപടി. ആരോപണ വിധേയനായ നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. നന്ദകുമാര്‍ വിദേശത്ത് ആയതിനാലാണ് ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് സര്‍വകലാശാല നല്കുന്ന വിശദീകരണം. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു തീരുമാനം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനാണ് പകരം ചുമതല.
എം.ജി. സര്‍വകലാശാലയില്‍ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ദളിത് വിദ്യാര്‍ത്ഥിനി ദീപാ പി. മോഹനന് സമരം ആരംഭിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര് ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോപണവിധേയനായ അദ്ധ്യാപകനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വകലാശാലയ്ക്കുള്ള തടസമെന്താണെന്നും മന്ത്രി ആരാഞ്ഞിരുന്നു. അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അദ്ധ്യാപകനോട് മാറിനില്ക്കാന് ആവശ്യപ്പെടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.