ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എ.വി രാമകൃഷ്ണന് അന്തരിച്ചു
കാഞ്ഞങ്ങാട്: ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡണ്ടും കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പൊതുമണ്ഡലത്തിലെ സജീവസാന്നിധ്യവുമായിരുന്ന എ.വി രാമകൃഷ്ണന് അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് കോഴിക്കോട് മിംസിലും പിന്നീട് കണ്ണൂര്‍ എകെജി സഹകരണ ആസ്പത്രിലും ചികിത്സയിലായിരുന്നു. പയ്യന്നൂര്‍ സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാടുകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഇലക്ട്രിക്ക് വയറിങ്ങ് ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തുന്നത്. പിന്നീട് സേവന മേഖലയായി കാഞ്ഞങ്ങാട് മാറി. ജനസംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ അറിയപ്പെടുന്ന നേതാവായി മാറി. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതോടെ രാഷ്ട്രീയരംഗത്ത് രംഗത്ത് സജീവമായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു.
പയ്യന്നൂര്‍ കേളോത്തെ പരേതരായ കെ.പി.രാമ പൊതുവാളിന്റേയും എ.വി.ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: കെ.നളിനി (കാഞ്ഞങ്ങാട് ക്ഷീര സഹകരണ സംഘം മുന്‍ സെക്രട്ടറി). മക്കള്‍: ബിന്ദു(അധ്യാപിക, ചിത്താരി യു.പി.സ്കൂള്‍), സിന്ധു (അധ്യാപിക, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ബിജു (അധ്യാപകന്, കാഞ്ഞങ്ങാട് രാംഗനഗര്‍ ഗവ.ഹൈസ്കൂള്‍). മരുമക്കള്‍: പി.ഗോപാലകൃഷ്ണന് (അധ്യാപകന്, കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍), കെ. സന്തോഷ്കുമാര്‍ (ഗ്ലോബല്‍ അസോസിയേറ്റ്സ്, കാഞ്ഞങ്ങാട്), പി. അശ്വതി. സഹോദരങ്ങള്‍:പദ്മനാഭന് (റിട്ട.ഡിവൈ.എസ്.പി, ഹൈദരബാദ്), മനോഹരന് (വിമുക്തഭടന്, പയ്യന്നൂര്‍), ഗിരിജ, രാഗിണി.
ജനസംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ, ബംഗ്ലാദേശിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയപ്പോള്‍ അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ചു. പി.പരമേശ്വരനുള്‍പ്പടെയുള്ള നേതാക്കള്‍ക്കൊക്കൊപ്പമായിരുന്നു ജയില്‍വാസം.
1969-ല്‍ മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരെ നടത്തിയ സമരത്തിനിടെ പോലീസിന്റെ മര്‍ദനമേറ്റു. അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1977 ല്‍ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ഈ പാര്‍ട്ടിയുടെ ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറിയായി. ജനതാപാര്‍ട്ടിയില്‍ നിന്നു പഴയ ജനസംഘക്കാര്‍ ബി.ജി.പിയിലേക്കു മടങ്ങിയപ്പോള്‍ രാമകൃഷ്ണന് ജനതാപാര്‍ട്ടിയില്‍ ഉറച്ചു നിന്നു. കാസര്‍കോട് ജില്ലയുടെ വികസനത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. മികച്ച സഹകാരിയായിരുന്നു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായും കയര്‍ ഫെഡ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.ചന്ദ്രശേഖരന് സ്മാരക ട്രസ്റ്റ് ചെയര്മാന്, ടി.കെ.കെ.ഫൗണ്ടേഷന് സ്ഥാപക നേതാവും ഖജാന്ജയും കെ.മാധവന് ഫൗണ്ടേഷന് ഖജാന്‍ജിയുമാണ്.
കേളോത്ത് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ ആറാം ക്ലാസുവരെ പഠിച്ചു. ദാരിദ്ര്യത്താല്‍ തുടര്‍ പഠനം നടന്നില്ല. അമ്മാവന് എ.വി.കൃഷ്ണപ്പൊതുവാള് ചുള്ളിക്കരയില്‍ ഹോട്ടല്‍ നടത്തുന്നുണ്ടായിരുന്നു. പഠനം നിര്‍ത്തിയപ്പോള്‍ തന്നെ അമ്മാവന്റെ അടുത്തേക്കു വന്നു. ഇതോടെ 12-ാം വയസു മുതല്‍ കാസര്‍കോട് ജില്ലക്കാരനായി. ഹോട്ടലില്‍ ജോലിക്കാരനായി നിന്നു. പിന്നീട് ഇലക്ട്രീഷ്യന്റെ ജോലി. അമ്മാവന് സോഷ്യലിസ്റ്റു പ്രവര്‍ത്തകനായിരുന്നു. ജനസംഘം നേതാവ് ഉമാനാഥ് റാവു ഉള്‍പ്പടെയുള്ളവരുമായുള്ള അടുപ്പം രാമകൃഷ്ണനെ കൊണ്ടെത്തിച്ചത് ജനസംഘത്തിലേക്ക്. വര്‍ഷങ്ങളോളം ജനസംഘത്തില്‍ പ്രവര്‍ത്തിക്കുകയും സംഘത്തിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തെത്തുകയും ചെയ്തു.
സോഷ്യലിസ്റ്റ് നേതാവ് കെ.ചന്ദ്രശേഖരനുമായി വലിയ വ്യക്തിബന്ധമായിരുന്നു രാമകൃഷ്ണന്. അടിയന്തിരാവസ്ഥയ്ക്കു ശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയും ജനസംഘവും സംഘടനാകോണ്ഗ്രസുമെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ വടക്കേ മലബാറിലെ സമരപോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്നു. ഈ കൂട്ടായ്മ വേര്പിരിഞ്ഞപ്പോള് ജനസംഘത്തില്‍ നിന്നു വന്ന രാമകൃഷ്ണന് തിരികെ പോയില്ല. ജനതാപാര്‍ട്ടിയില്‍ ഉറച്ചുനിന്നു. കെ.ചന്ദ്രശേഖരനുമായുള്ള വ്യക്തബന്ധവും സോഷ്യലിസ്റ്റ് ആശയം മനസുനിറയെ ഉള്ളതുകൊണ്ടുമാണ് ജനസംഘത്തിലേക്ക് തിരിച്ചു പോകാതിരുന്നതെന്ന് രാമകൃഷ്ണന് എല്ലായിപ്പോഴും പറയും. എം.പി.വീരന്ദ്രകുമാറുമായുള്ള അടുത്ത ബന്ധം പിന്നീടുള്ള ജീവിതം സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ വേരുറയ്ക്കുന്നതിലേക്കുമെത്തിച്ചു. അരങ്ങില്‍ ശ്രീധരന്, പി.വിശ്വംഭരന്, പി.ആര്.കുറുപ്പ് തുടങ്ങിയ നേതാക്കളുമായും അടുത്തബന്ധം കാത്തുസൂക്ഷിച്ചു.
സോഷ്യലിസ്റ്റ് ജനതയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച പി.കോരന് മാസ്റ്റര്‍ക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഏത് അഭിപ്രായ വ്യത്യാസവും രാമകൃഷ്ണനു മുന്നില്‍ അലിഞ്ഞില്ലാതാകും.
Lok Thanthrika JanaDatal leader AV Ramakrishnan passes away