കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ തലപ്പാടിയില്‍ മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ തലപ്പാടിയില്‍ മൂന്നുപേര്‍ പിടിയിലായി. ഉള്ളാള്‍ കൊളങ്കരയിലെ അബ്ദുല്‍ റൗഫ് (30), തൊക്കോട്ട് ചെമ്പഗുഡ്ഡയിലെ ഷെരീഫ് എന്ന അമീന്‍ (34), കിന്യയിലെ നിയാസ് (23) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തലപ്പാടി തല്ലെനിയില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 42 ഗ്രാംഎം.ഡി.എം.എ കണ്ടെടുത്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച ടൊയോട്ട കാര്‍, മൂന്ന് മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍, 2,500 രൂപ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എം.ഡി.എം.എ വാങ്ങാനാണ് നിയാസ് സ്ഥലത്തെത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി. മറ്റൊരു പ്രതിയായ സലാം റെയ്ഡിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ഇപ്പോള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

