രാഹുലിനെതിരെ പരാതി നല്‍കിയ യുവതി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചു

മുങ്ങിയ കാര്‍ യുവനടിയുടേത്

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കുന്നതിനിടെ, രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി 2 തവണ ആത്മഹത്യക്കു ശ്രമിച്ചതായ വിവരം പുറത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതെത്തുടര്‍ന്ന് ഏതാനും ദിവസം ആസ്പത്രിയില്‍ കഴിഞ്ഞു.

ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താന്‍ 2 ഗുളികകള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് വേണ്ടി കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം രാഹുല്‍ പാലക്കാട്ടുനിന്നു മുങ്ങിയ കാര്‍ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാര്‍ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it