കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തില്‍! 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും
ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെന്‍ഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആണ് കൊച്ചിയും ഇടം നേടിയത്

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തില്‍ എത്തിയിരിക്കുന്നു. 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും ഉള്‍പ്പെട്ടിരിക്കുകയാണ്. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെന്‍ഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആണ് കൊച്ചിയും ഇടം നേടിയത്.
ലോകോത്തര ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. വിയറ്റ്‌നാം, സ്‌പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ച ഏക പ്രതിനിധിയായി കേരളം! സാംസ്‌കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങള്‍ ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!
ഇത് എന്തുകൊണ്ടും അഭിമാന നിമിഷമാണ്. പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം എന്നാണ് ഇതിനെ മന്ത്രി പി എ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണ് ഇതെന്നും ടൂറിസം വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം കേരളത്തിന് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരുന്നു. കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ പദവി കൈവരിച്ചിരുന്നു. മന്ത്രി എം ബി രാജേഷ് ആണ് ഈ സന്തോഷ വാര്‍ത്ത ജനങ്ങളെ അറിയിച്ചത്. അതിന് പിന്നാലെയാണ് നമ്മുടെ കൊച്ചുകേരളത്തെ തേടി വീണ്ടുമൊരു അംഗീകാരം കൂടി ലഭിക്കുന്നത്.

