ആദ്യഘട്ട വോട്ടെടുപ്പ് ഉഷാര്‍; ബൂത്തുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്

തിരുവനന്തപുരം: പ്രാദേശിക ഭരണസമിതികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ തെക്കന്‍ കേരളം ഉള്‍പ്പെടുന്ന പാതി കേരളം ആവേശത്തോടെ ബൂത്തിലേക്ക്. തിരവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഉച്ചവരെ 24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനകം തന്നെ പലയിടത്തും 14 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ പോളിംഗ് തിരുവനന്തപുരത്തും കുറവ് ആലപ്പുഴയിലുമാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം മാറിയേക്കാം. മോക് പോളിംഗിന് ശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കണ്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്‍ അടക്കമുള്ളവര്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മൂന്ന് കോര്‍പ്പറേഷനുകള്‍, 39 മുനിസിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. ആകെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.

