തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നിയമനടപടിക്കൊരുങ്ങുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്ന് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയും ആരോപിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആരോപണത്തില്‍ മഞജുവാര്യര്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം.

