കുമളി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.50 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് സെക്കന്‍ഡില്‍ 7815 അടിയായി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 1306 ഘന അടി ജലമാണ് ഒഴുകുന്നത്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. വൃഷ്ടിപ്രദേശമായ തേക്കടിയില്‍ 126 മി.മീറ്ററും പെരിയാര്‍ വനമേഖലയില്‍ 170 മി.മീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാറിനൊപ്പം തമിഴ്നാട്ടിലെ തേനിയിലും മഴ തുടരുകയാണ്. തേനി ജില്ലയില്‍ ശരാശരി 40.37 മി.മീ. മഴ പെയ്തു. ഗൂഡല്ലൂരില്‍ 77.4, ഉത്തമപാളയത്ത് 31, വീരപാണ്ടിയില്‍ 32 മി.മീ. മഴ പെയ്തു.
വൈഗ അണക്കെട്ടില്‍ 55.68 അടി ജലം ഉണ്ട്. 71 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് 1265 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. മധുരയിലേക്ക് 1119 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്.