തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്യാവശ്യത്തിന് പുറത്തുപോകുന്നവര്‍ക്ക് പോലീസ് പാസ് വേണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. ഇതിന് മുന്നോടിയായി പാസ് എടുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നിലവില്‍ വന്നത്. കേരള പൊലീസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.
പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം, പുറപ്പെടുകയും മടങ്ങുകയും ചെയ്യുന്ന തീയതിയും സമയവും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് സ്പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരും. അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര അനുവദിക്കുക.
മരണം, ആസ്പത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആസ്പത്രി ജീവനക്കാന്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസ് ഇല്ലാതെയും യാത്ര ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്.
മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ നല്കി യാത്രക്കാര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസും വെബ്സൈറ്റിലൂടെ പരിശോധിക്കാം. യാത്ര പാസ് ഡൗണ്‍ലോഡ് ചെയ്തോ, സ്ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ്. കൂടാതെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും പോലീസ് പരിശോധനയ്ക്കായി നിര്‍ബന്ധമായും ലഭ്യമാക്കണം.
Apply Online: https://pass.bsafe.kerala.gov.in/