കാസര്‍കോട്: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ ബീരന്ത്ബയല്‍, താളിപ്പടുപ്പ് തോട് ശുചീകരണം സംഘടിപ്പിച്ചു.
നഗരസഭയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചിരുന്നു. ജലസഭയില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക ഭൗമദിനത്തില്‍ ഇന്ന് ബീരന്ത് ബയല്, താളിപ്പടുപ്പ് തോട് ശുചീകരണം നടത്തിയത്. നഗരസഭാ ചെയര്മാന് അഡ്വ.വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍മാരായ അശ്വിനി, രമേഷ്.പി, നഗരസഭാ സെക്രട്ടറി എസ്.ബിജു നേതൃത്വം നല്കി.
നഗരസഭാ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, കണ്ടിജന്റ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്അസോസിയേഷന് ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാര്‍ഡ് നിവാസികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മലിനമായ തോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലിനീകരണ തോത് അറിയുന്നതിന് ജലത്തിന്റെ സാമ്പിള്‍ ശേഖരണം നടത്തി. ശേഖരിച്ച അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന തരം തിരിച്ച് നഗരസഭാ ഷെഡിംഗ് യൂണിറ്റിലേക്ക് മാറ്റി. നഗരത്തിന്റെ മറ്റ് വാര്‍ഡുകളിലും ജലനടത്തവും ജലസഭയും സംഘടിപ്പിച്ച് തോട് ശൂചീകരണങ്ങള് വരും ദിവസങ്ങളില്‍ നടത്തുമെന്ന് നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും അറിയിച്ചു.