ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ നാടുവിട്ട യുവതിയും ആണ്‍ സുഹൃത്തും ചട്ടഞ്ചാലില്‍ പിടിയില്‍
തളിപ്പറമ്പ് പന്നിയൂര്‍ മഴൂരിലെ കെ.നീതു, മഴൂരിലെ സുമേഷ് എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ നിന്ന് ചിറ്റാരിക്കാല്‍ പൊലീസ് പിടികൂടിയത്

ചട്ടഞ്ചാല്‍ : ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ നാടുവിട്ട യുവതിയും ആണ്‍സുഹൃത്തും ചട്ടഞ്ചാലില്‍ പൊലീസ് പിടിയിലായി. തളിപ്പറമ്പ് പന്നിയൂര്‍ മഴൂരിലെ കെ.നീതു(35), മഴൂരിലെ സുമേഷ്(38) എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ നിന്ന് ചിറ്റാരിക്കാല്‍ എസ്.ഐ ശ്രീജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനില എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ഇരുവരും ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്സിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് സംഘം ചട്ടഞ്ചാലിലേക്ക് വരുന്നതിനിടെ നീതുവും സുമേഷും കാറില്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. പൊലീസ് കാര്‍ തടഞ്ഞാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് നീതുവിനെ കാണാതായത്. ആണ്‍സുഹൃത്തിനൊപ്പം നീതു നാടുവിടുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിപ്പോയത്.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി പോയത്. ഇതുസംബന്ധിച്ച് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയും എസ്.ഐ മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സുമേഷിനെ കാണാതായത് സംബന്ധിച്ച് തളിപ്പറമ്പ് പൊലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്.

