ചേരൂരില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.കെ സുരേഷ്, പൊലീസുകാരായ കെ കൃഷ്ണന്‍, സനീഷ് ജോസഫ് എന്നിവരെയാണ് രണ്ടംഗ സംഘം അക്രമിച്ചത്

കാസര്‍കോട്: സംശയകരമായി കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു. എസ്.ഐയുടെ കൈപിടിച്ച് തിരിക്കുകയും കൂടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും അസഭ്യം പറയുകയും ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.കെ സുരേഷ്, പൊലീസുകാരായ കെ കൃഷ്ണന്‍, സനീഷ് ജോസഫ് എന്നിവരെയാണ് രണ്ടംഗ സംഘം അക്രമിച്ചത്.
സംഭവത്തില്‍ അബൂബക്കര്‍ ഷഹീര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചെങ്കള നാലാം മൈല്‍ ചേരൂരില്‍ സംശയകരമായി കാണപ്പെട്ട ഒരു യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യുവാവ് പൊലീസുകാരോട് തട്ടിക്കയറിയത്. പിന്നീട് യുവാവ് ഫോണില്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാറില്‍ സ്ഥലത്തെത്തിയ മറ്റൊരു യുവാവ് ഇതു തന്റെ സഹോദരന്‍ അബൂബക്കര്‍ ഷഹീര്‍ ആണെന്നും ഇവനെ ഞാന്‍ കൊണ്ടുപോകുന്നുവെന്നും പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
എസ്.ഐ വി.കെ സുരേഷിന്റെ കൈപിടിച്ചു തിരിക്കുകയും കൂടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റുകയും ചെയ്തുവെന്നതിനും ഔദ്യോഗിക കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തിയതിനുമാണ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തത്. പരിക്കേറ്റ എസ്.ഐ വി.കെ സുരേഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

