കിണറില്‍ വീണ നെല്ലിക്കുന്ന് സ്വദേശിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യു.പി സ്വദേശിയും കുടുങ്ങി; ഒടുവില്‍ രക്ഷകരായെത്തി അഗ്‌നിരക്ഷാസേന

രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു

കാസര്‍കോട് : കിണറില്‍ വീണ നെല്ലിക്കുന്ന് സ്വദേശിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യു.പി സ്വദേശിയും കുടുങ്ങി. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ തളങ്കര പള്ളിക്കാലിലെ അബ്ദുല്‍ റഹ്‌മാന്റെ പറമ്പിലെ 15 കോല്‍ ആഴമുള്ള കിണറിലാണ് നെല്ലിക്കുന്നിലെ ടി.എം മുനീര്‍(74) വീണത്. ഇതുകണ്ട ഉത്തര്‍പ്രദേശ് സ്വദേശി ലുക്ക് മാന്‍ കിണറിലിറങ്ങി. ഇതിനിടെ നാട്ടുകാര്‍ മുനീറിനെ രക്ഷപ്പെടുത്താന്‍ കയര്‍ ഇട്ടുകൊടുത്തു.

മുനീര്‍ കയറില്‍ പിടിച്ച് കിണറിന്റെ പടവില്‍ ചവിട്ടി നിന്നു. കിണറ്റിലിറങ്ങിയ ലുക്മാന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടുപേരെയും കരക്ക് കയറ്റാനുള്ള നാട്ടുകാരുടെ ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്.

Related Articles
Next Story
Share it