മാലോത്തെ വ്യാജമദ്യകേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ്; 260 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി

കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവുമാണ് റെയ്ഡ് നടത്തിയത്‌

കാഞ്ഞങ്ങാട് : മാലോത്തെ വ്യാജമദ്യകേന്ദ്രത്തില്‍ എക്സൈസ് റെയ്ഡ് നടത്തി 260 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി. കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷും സംഘവുമാണ് നീലേശ്വരം റേഞ്ചിലെ മാലോം വില്ലേജില്‍ എടക്കാനത്തെ പറമ്പിലുള്ള താല്‍ക്കാലിക ഷെഡില്‍ നിന്ന് ചാരായം വാറ്റാന്‍ തയ്യാറാക്കിയ 260 ലിറ്റര്‍ വാഷും 10 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.

സംഭവത്തില്‍ എടക്കാനത്തെ എം.ടി സിനോജിനെതിരെ കേസെടുത്തു. തല്‍സമയം പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രേഖകളും തൊണ്ടി സാധനങ്ങളും സാമ്പിള്‍ കുപ്പികളും തുടര്‍ നടപടികള്‍ക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ അജീഷ് സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ഷിജിത്ത് വി.വി, അതുല്‍ ടി.വി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ധന്യ ടി.വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it