വലിയ വില നല്‍കേണ്ടിവരും; ആശങ്കയില്‍ യാത്രക്കാര്‍

ആരിക്കാടി ടോള്‍ ബൂത്തില്‍ 14 വരെ ടോള്‍ പിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍

കുമ്പള: ദേശീയപാതയില്‍ കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ താല്‍ക്കാലികമായി പിന്‍വലിഞ്ഞു. എ.കെ.എം അഷ്റഫ് എം.എല്‍.എ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് മുതല്‍ ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി പിന്‍വലിച്ചത്. 14ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നുണ്ട്. അതുവരെ ടോള്‍ പിരിക്കില്ലെന്നാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചത്.

ടോള്‍ നിരക്ക് നിശ്ചയിച്ചതായും ഇന്ന് രാവിലെ എട്ട് മുതല്‍ ടോള്‍ പിരിവ് തുടങ്ങുമെന്നും ദേശീയപാത അതോറിറ്റി പത്രപരസ്യം വഴി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഇന്നലെ വൈകിട്ട് ജില്ലാ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ടോള്‍പിരിവ് നീട്ടിവെച്ചത് കലക്ടര്‍ ഫോണ്‍ മുഖേന അറിയിച്ചതായും എം.എല്‍.എ പറഞ്ഞു.

ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചാല്‍ തടയുമെന്ന് കര്‍മസമിതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെങ്കള മുതല്‍ തലപ്പാടി വരെയുള്ള 36.79 കിലോമീറ്റര്‍ പാത ഉപയോഗിക്കുന്നതിനാണ് യാത്രക്കാര്‍ വലിയ തുക ടോള്‍ നല്‍കേണ്ടിവരിക. ഒരു ഭാഗത്തേക്ക് കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ എന്നിവക്ക് 85 രൂപയാണ് ടോള്‍. മിനി ബസുകള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 295 രൂപയും വ്യവസായിക വാഹനങ്ങള്‍ക്ക് 320 രൂപയും എര്‍ത്ത് മൂവിങ് എക്യുപ്മെന്റ്, മള്‍ട്ടി ആക്സില്‍ വെഹിക്കില്‍ എന്നിവയ്ക്ക് 460 രൂപയും ഏഴും അതില്‍ കൂടുതല്‍ ആക്സിലുകളുള്ള വാഹനങ്ങള്‍ക്ക് 560 രൂപയുമാണ് ടോള്‍.

ടോള്‍ പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥര്‍ക്ക് ഒരുമാസത്തേക്ക് 340 രൂപയുടെ പാസ് ലഭിക്കും. 'രാജ് മാര്‍ഗ് യാത്രാ' ആപ്പ് വഴി 3000 രൂപയുടെ വാര്‍ഷിക പാസ് ലഭിക്കും. ഈ പാസ് എല്ലാ യന്ത്രവത്കൃത വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് പോലെ ഉപയോഗിക്കാം. ആകെ 200 തവണയോ അല്ലെങ്കില്‍ വര്‍ഷമോ ഏതാണ് ആദ്യം വരികയെന്നതനുസരിച്ചാണ് പാസിന്റെ കാലാവധി.

ടോള്‍ പ്ലാസ പ്രവര്‍ത്തനം തുടങ്ങുമെന്ന അറിയിപ്പ് വന്നതോടെ കര്‍മസമിതിയുടെ പ്രധാന ഭാരവാഹികള്‍ ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ടോള്‍ പ്ലാസയുണ്ടായിരിക്കെ 22 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആരിക്കാടിയില്‍ മറ്റൊരു ടോള്‍പ്ലാസ നിര്‍മ്മിക്കുന്നത് നിയമലംഘനമാണെന്നാണ് കര്‍മസമിതിയുടെ വാദം.

ഇക്കാര്യമുന്നയിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. 1964ലെ ദേശീയപാതാ അതോറിറ്റി നിയമമനുസരിച്ച് ടോള്‍പ്ലാസകളുടെ ദൂരപരിധി 60 കിലോമീറ്ററാണ്. നിശ്ചിത ദൂരപരിധിയില്‍ ദേശീയപാതയിലെ പെരിയ ചാലിങ്കാലില്‍ ടോള്‍ പ്ലാസയുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. ആരിക്കാടിയില്‍ ടോള്‍ ബൂത്ത് ആരംഭിച്ചാല്‍ മംഗളൂരുവിനെ വിവിധ കാര്യങ്ങള്‍ക്ക് ആശ്രയിക്കുന്ന കാസര്‍കോട്ടെ വ്യാപാര, വ്യവസായ സംരംഭകര്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാവും.

Related Articles
Next Story
Share it