തെക്കില്‍ ബ്ലോക്കില്‍ മത്സരിക്കാന്‍ സി.പി.എം നീക്കം; ഐ.എന്‍.എല്ലില്‍ അതൃപ്തി

കഴിഞ്ഞ തവണ തെക്കില്‍ ബ്ലോക്കില്‍ ഐ.എന്‍.എല്‍ പ്രതിനിധിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്

ചട്ടഞ്ചാല്‍: ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ തെക്കില്‍ ബ്ലോക്കില്‍ മത്സരിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ ഐ.എന്‍.എല്ലില്‍ അതൃപ്തി. ഐ.എന്‍.എല്‍ സ്ഥിരമായി മത്സരിച്ചിരുന്ന തെക്കില്‍ ബ്ലോക്കില്‍ ഇത്തവണ സി.പി.എം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. പകരം കളനാട് ബ്ലോക്ക് ഐ.എന്‍.എല്ലിന് നല്‍കാനാണ് നീക്കം.

തെക്കില്‍ ബ്ലോക്ക് തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ഐ.എന്‍.എല്ലിന്റെ ആവശ്യം. കഴിഞ്ഞ തവണ തെക്കില്‍ ബ്ലോക്കില്‍ ഐ.എന്‍.എല്‍ പ്രതിനിധിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. കുറച്ച് വോട്ടുകളുടെ മാത്രം കുറവിനാണ് ഈ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഇത്തവണ വാര്‍ഡ് വിഭജനത്തോടെ തെക്കില്‍ ബ്ലോക്കില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്.

എന്നാല്‍ സി.പി.എം തെക്കില്‍ ബ്ലോക്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഐ.എന്‍.എല്ലില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഐ.എന്‍.എല്‍ പ്രതിനിധിയായ ഷാഫി കണ്ണമ്പള്ളി പറഞ്ഞു. കഴിഞ്ഞ തവണ ഷാഫി കണ്ണമ്പള്ളിയുടെ ഭാര്യയാണ് ഇവിടെ മത്സരിച്ചിരുന്നത്.

Related Articles
Next Story
Share it