പാര്‍ട്ടി വിമതരെ അടുത്ത 6 വര്‍ഷത്തേക്ക് തിരിച്ചെടുക്കില്ല-മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ള വിമത സ്ഥാനാര്‍ത്ഥികളെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെയും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ആറ് വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുക പോലും ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണയായി 5 വര്‍ഷത്തേക്ക് പുറത്താക്കുകയാണ് പതിവ്. ഇതുമൂലം അടുത്ത തിരഞ്ഞെടുപ്പില്‍ വിമതരില്‍ പലരും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി രംഗത്ത് വരുന്നത് പലയിടത്തും തര്‍ക്കം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ 6 വര്‍ഷത്തേക്ക് പുറത്താക്കുന്നത് മൂലം അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും.
ഇത്തവണ പാര്‍ട്ടിക്കെതിരെ മത്സരിക്കുകയും അവരെ പിന്തുണക്കുകയും ചെയ്ത വിമതന്മാരെ അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടിന്റെ പ്രസ്താവന പൊതുവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇത്തവണ കാര്യമായ വിമതശല്യം ഉണ്ടായിട്ടില്ലെന്നും 10ല്‍ താഴെ വിമതസ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളതെന്നും ഈ സ്ഥാനാര്‍ത്ഥികളെയും അവരെ പിന്തുണക്കുന്ന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള 20ഓളം പേരെയുമാണ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതെന്നും കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.

