ആവേശം ഇന്ന് കൊട്ടിക്കലാശിക്കും; വോട്ടര്‍മാരുടെ മനസില്‍ ചേക്കേറാന്‍ സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിധിയെഴുത്തിന് ഇനി ഒരുനാള്‍ മാത്രം ബാക്കിയിരിക്കെ പരസ്യ പ്രചരണത്തിന് ഇന്ന് തിരശീലവീഴും. വൈകിട്ട് വിവിധ ടൗണുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് അതാത് മുന്നണികളുടെയും പാര്‍ട്ടികളുടെയും കൊട്ടിക്കലാശം നടക്കും. ചില കേന്ദ്രങ്ങളില്‍ പ്രകടനങ്ങളില്‍ മാത്രം കൊട്ടിക്കലാശം ഒതുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ശക്തമായ മത്സരം നടക്കുന്ന ഇടങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരസ്യ പ്രചരണം അവസാനിക്കാനിരിക്കെ വോട്ടര്‍മാരുടെ മനസിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍.

ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനായി ഇരുമുന്നണികളും ശക്തമായ പ്രചരണത്തിലാണ്. നിലവിലുള്ള അംഗബലം വര്‍ധിപ്പിക്കാനുവുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ ബേഡകം, കള്ളാര്‍, കരിന്തളം, പിലിക്കോട്, ചെറുവത്തൂര്‍, മടിക്കൈ, പെരിയ, ചെങ്കള ഡിവിഷനുകള്‍ എല്‍.ഡി.എഫും വൊര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, ഉദുമ, സിവില്‍സ്റ്റേഷന്‍, കുമ്പള, മഞ്ചേശ്വരം ഡിവിഷനുകള്‍ യു.ഡി.എഫും പുത്തിഗെ, എടനീര്‍ ഡിവിഷനുകള്‍ എന്‍.ഡി.എയും ആയിരുന്നു വിജയിച്ചത്. എല്‍.ഡി.എഫ് 8, യു.ഡി.എഫ് 7, എന്‍.ഡി.എ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.


കുമ്പള ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് കളത്തൂര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

ഇത്തവണ 18 ഡിവിഷനുകളായി. 7 വീതം ഡിവിഷനുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഉറപ്പിക്കുമ്പോള്‍ 3 ഡിവിഷനുകളില്‍ ബലാബലം എന്ന സ്ഥിതിയാണ്. കയ്യൂര്‍, മടിക്കൈ, പെരിയ, കുറ്റിക്കോല്‍, ചെറുവത്തൂര്‍, കള്ളാര്‍, പുതിയ ഡിവിഷനായ ബേക്കല്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും മഞ്ചേശ്വരം, വൊര്‍ക്കാടി, കുമ്പള, ചെങ്കള, സിവില്‍സ്റ്റേഷന്‍, ചിറ്റാരിക്കാല്‍, ഉദുമ ഡിവിഷനുകള്‍ യു.ഡി.എഫും വിജയം ഉറപ്പിച്ച് പറയുന്നു. ദേലംപാടി, പിലിക്കോട് ഡിവിഷനുകളില്‍ മത്സരം ബലാബലമാണ്. പുത്തിഗെ, ബദിയടുക്ക ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ എങ്കിലും പുത്തിഗെയില്‍ മൂന്ന് മുന്നണികളും വിജയപ്രതീക്ഷ പറയുന്നുണ്ട്. ബദിയടുക്കയില്‍ യു.ഡി.എഫും വിജയസാധ്യത എടുത്തുപറയുന്നു.


പുത്തിഗെ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എ. മുഹമ്മദ് ഹനീഫ് തിരഞ്ഞെടുപ്പ് പര്യടനത്തില്‍

ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലവില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ്. നിലവിലെ സാഹചര്യത്തില്‍ ഭരണം മാറാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നഗരസഭകളില്‍ കാഞ്ഞങ്ങാട് നഗരസഭയിലാണ് പ്രവചനാതീതമായ പോര് ഉള്ളത്. കാസര്‍കോട് യു.ഡി.എഫും നീലേശ്വരം എല്‍.ഡി.എഫും തന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. ഗ്രാമപഞ്ചായത്തുകളില്‍ പലയിടങ്ങളിലും അട്ടിമറി സാധ്യതയുണ്ട്. നിലവില്‍ മുന്നണികള്‍ തമ്മില്‍ തുല്യനിലയിലുള്ളതും ചെറിയ ഭൂരിപക്ഷത്തിലുള്ളതുമായ പഞ്ചായത്തുകളിലെല്ലാം ശക്തമായ പോരാട്ടം പ്രകടമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it