കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് പരാതി നല്‍കി പിതാവ്
ഹിരിയഡ്ക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഷന്റെ മരണത്തിലാണ് പിതാവ് പരാതി നല്‍കിയത്

ഉഡുപ്പി: കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി പിതാവ്. ഇക്കഴിഞ്ഞ നവംബര്‍ 10 ന് വൈകുന്നേരം 4 മണിയോടെയാണ് കുക്കുണ്ടി ഹോളെബാഗിലുവിനടുത്തുള്ള മഡിസാലു അരുവിയില്‍ ശ്രീഷന്‍ ഷെട്ടി എന്ന 16 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ പെര്‍ഡൂരിലെ കുക്കുഞ്ചാരുവിലെ അനന്തപദ്മനാഭ നിലയത്തിലെ കരുണാകര ഷെട്ടി എന്ന കുട്ടിയുടെ പിതാവ് മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കി.
പരാതി പ്രകാരം, ഹിരിയഡ്ക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഷന്‍ നവംബര്‍ 9 ന് ഉച്ചയ്ക്ക് 12:15 ന് പിതാവിനൊപ്പം പെര്‍ഡൂരിലേക്ക് പോയിരുന്നു. അവിടെ നിന്ന് അലങ്കാറിലെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. പിന്നീട്, മുത്തശ്ശിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അച്ഛനെ വിളിച്ച്, അടുത്തുള്ള ഒരു നദിക്ക് സമീപം കളിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. എന്നാല്‍, ഉച്ചകഴിഞ്ഞ് 3 മണിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് പിതാവ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരോ കുട്ടിയെ വശീകരിച്ചോ വഞ്ചിച്ചോ തട്ടിക്കൊണ്ടുപോയതാകാമെന്നും നവീന്‍ എന്ന വ്യക്തിക്കൊപ്പം മകന്‍ പോയിരിക്കാമെന്നും പരാതിയില്‍ പറയുന്നു.
ശ്രീഷന്റെ മൃതദേഹം അടുത്ത ദിവസം മഡിസാലു അരുവിയില്‍ കണ്ടെത്തി. മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയും നടത്തി. ഹിരിയഡ്ക പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെ, നവീന്‍ എന്ന വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
കെഎംസി മണിപ്പാലില്‍ നിന്നുള്ള മരണ റിപ്പോര്‍ട്ടും എഫ്.എസ്.എല്‍ റിപ്പോര്‍ട്ടും ലഭിച്ച ശേഷം എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

