മംഗളൂരു - സുബ്രഹ്‌മണ്യ റൂട്ടിലൂടെയുള്ള ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്

മംഗളൂരു: മംഗളൂരു - ബെംഗളൂരു റൂട്ടിലെ റെയില്‍വേ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഷിരിബാഗിലു വരെയുള്ള ഭാഗം ഇതിനകം തന്നെ പൂര്‍ത്തിയായി. ഈ പശ്ചാത്തലത്തില്‍, മംഗളൂരുവിനും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ഇലക്ട്രിക് ലോക്കല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു.

മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മംഗളൂരു - സുബ്രഹ്‌മണ്യ റോഡ് പാതയില്‍ അടുത്തിടെ അവതരിപ്പിച്ച പാസഞ്ചര്‍ ട്രെയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇലക്ട്രിക് ട്രെയിനായി പരിവര്‍ത്തനം ചെയ്തതോടെ യാത്രയ്ക്ക് കൂടുതല്‍ സ്വീകരണം ലഭിക്കുന്നുണ്ട്.

മംഗളൂരു - സുബ്രഹ്‌മണ്യ റൂട്ടില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓടുന്ന ലോക്കല്‍ പാസഞ്ചര്‍ ട്രെയിന്‍ ഇനി ഇലക്ട്രിക് ട്രാക്ഷനില്‍ പ്രവര്‍ത്തിക്കും. ഞായറാഴ്ച രാത്രിയാണ് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചുള്ള ട്രെയിന്‍ അവസാനമായി ഓടിയത്. തിങ്കളാഴ്ച രാവിലെയാണ് ഈ റൂട്ടില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയത്. ഇതിനുമുമ്പ്, മംഗളൂരു സെന്‍ട്രലില്‍ നിന്ന് സുബ്രഹ്‌മണ്യ റോഡിലേക്കുള്ള വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിജയകരമായി പരീക്ഷിച്ചിരുന്നു. ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിനിനെ പുത്തൂരില്‍ സ്വാഗതം ചെയ്തു.

മംഗളൂരു സെന്‍ട്രല്‍-സുബ്രഹ്‌മണ്യ റോഡ് പാസഞ്ചര്‍ ട്രെയിനിന്റെ ഡീസല്‍ എഞ്ചിനില്‍ നിന്ന് ഇലക്ട്രിക് എഞ്ചിനിലേക്കുള്ള പരിവര്‍ത്തനത്തെ സ്വാഗതം ചെയ്തു. 'ഈ ട്രെയിനിന്റെ പഴയ റേക്ക് മാറ്റി ഉടന്‍ തന്നെ ഒരു മെമു റേക്ക് സ്ഥാപിക്കാന്‍ റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട പറഞ്ഞു.

Related Articles
Next Story
Share it