കാസര്‍കോട്: പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമായ മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ പുഴയോരം ടൂറിസം പദ്ധതിക്ക് ചിറകുവെക്കുന്നു. മൊഗ്രാല്‍പൂത്തൂര്‍, മധൂര്‍, പുത്തിഗെ, കുമ്പള പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് കമ്പാര്‍ പുഴയോരം. മൊഗ്രാല്‍ പുഴയുടെ ഭാഗമായ കമ്പാര്‍ പുഴയോരം പച്ചപ്പ് കൊണ്ടും ഗ്രാമീണ ഭംഗി കൊണ്ടും മനോഹരമാണ്. ഇവിടെ നിന്ന് അനന്തപുരത്തേക്ക് രണ്ട് കിലോ മീറ്റര്‍ മാത്രമെ ദൂരമുള്ളു. ട്രക്കിങ്ങിനു സാധ്യതയുള്ള റൂട്ടുകൂടിയാണിത്. പുഴയോരത്ത് നല്ല റോഡ് സൗകര്യമുണ്ട്. നിലവില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ പുഴയോരം ആസ്വദിക്കാന്‍ എത്തുന്നുണ്ട്. പുഴയോര പാര്‍ക്ക്, ഭക്ഷണശാല, ബോട്ടിങ്ങ്, വാട്ടര്‍ സ്പോര്‍ട്സ്, ട്രക്കിങ്ങ്, ഫാം ടൂറിസം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടി ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്, ബി.ആര്.ഡി.സി. അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനു മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റിവര്‍ ടൂറിസത്തിനുവേണ്ടി രൂപ കല്പന ചെയ്ത ലോഗോ ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന് പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ബി.ആര്.ഡി.സി. അസിസ്റ്റന്റ് മാനേജര്‍ സുനില്‍കുമാര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്മാന് സൈഫുദ്ദീന് കളനാട്, പി.എം. മുനീര്‍ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, ഹക്കീം കമ്പാര്‍, മന്‍സൂര്‍ കമ്പാര്‍ സംബന്ധിച്ചു.