കോഴിക്കോട്: സംസ്ഥാനത്ത് ആഴ്ചകളായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയിറക്കി. ഒരു മാസത്തിലേറെയായി തുടരുന്ന ലോക്ക്ഡൗണില്‍ വിവിധ മേഖലകളില്‍ ഘട്ടങ്ങളായി ഇളവുകള്‍ നല്‍കിവരുന്ന സാഹചര്യത്തിലാണ് ആരാധനാലയങ്ങളുടെ കാര്യത്തിലും ഇളവുകള്‍ ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
നേരത്തെ എല്ലാ മത സംഘടനാ നേതാക്കളും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കോവിഡ് പ്രോട്ടോകാള്‍ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉടനടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (പ്രസിഡണ്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ), കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് (ജനറല്‍ സെക്രട്ടറി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ), കെ.എം മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി (പ്രസിഡണ്ട് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ), എം.ഐ അബ്ദുല്‍ അസീസ് (അമീര്‍ ജമാഅത്തെ ഇസ്ലാമി കേരള), ടി.പി അബ്ദുല്ലക്കോയ മദനി (പ്രസിഡണ്ട് കേരള നദ്വതുല് മുജാഹിദീന്‍), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡണ്ട് കേരള മുസ്ലിം ജമാഅത് ഫെഡറേഷന്), കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് (വൈസ് പ്രസിഡണ്ട് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്), വി.എച്ച് അലിയാര് ഖാസിമി (ജനറല്‍ സെക്രട്ടറി ജംഇയ്യതുല്‍ ഉലമാ ഹിന്ദ് കേരള), സി.പി ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി കെ.എന്‍.എം മര്‍കസുദ്ദഅവ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.